ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് ;ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ടോട്ടല്‍ ഫോര്‍ യു സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികള്‍ ഫെബ്രുവരിയില്‍ തുടങ്ങി ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യപ്രതിയായ ശബരീനാഥിന്റെ ജാമ്യഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ഹരിപ്രസാദിന്റെ ഉത്തരവ്. 2016 ഫെബ്രുവരി 16ന് വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാവുന്ന വിധത്തില്‍ നടപടികളെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസില്‍ 2011ല്‍ അറസ്റ്റിലായി ജാമ്യത്തിലിരിക്കെ ഒളിവില്‍ പോയ ശബരീനാഥ് 2014 ഏപ്രില്‍ 21ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണു കീഴടങ്ങിയത്.

ടോട്ടല്‍ ഫോര്‍ യു എന്ന പേരില്‍ റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം പദ്ധതികളിലേക്ക് നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് കബളിപ്പിച്ചതിനാണ് മുഖ്യ നടത്തിപ്പുകാരനായ ശബരീനാഥിനെതിരേ കേസെടുത്തത്. 20 പ്രതികളും 115 സാക്ഷികളുമുള്ള കേസില്‍ ഇതേവരെ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും വിചാരണ നടപടികള്‍ അടുത്തെങ്ങും തുടങ്ങാനിടയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടി ശബരീനാഥ് ഹരജി നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം നിക്ഷേപകരുടെ വധഭീഷണി ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാന്‍ കഴിയാതിരുന്നതെന്നും ഒളിവില്‍ പോയതല്ലെന്നുമായിരുന്നു ഹരജിയിലെ വാദം.
എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍ പോയയാളാണ് പ്രതിയെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സി അബ്ദുല്‍ റഷീദ് നൂറനാട് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്നും ജാമ്യത്തില്‍ വിട്ടാല്‍ ഇനിയും ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചുണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
Next Story

RELATED STORIES

Share it