Second edit

ടോംസ്

ഏതു ജനതയുടെയും നര്‍മബോധം വികസിപ്പിക്കുന്നതില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കു വലിയ പങ്കുണ്ട്. അന്തരിച്ച ടോംസിന്റെ ബോബനും മോളിയും കേരളീയരുടെ ഇഷ്ടകഥാപാത്രങ്ങളായിരുന്നു എക്കാലത്തും. മറ്റു വിനോദങ്ങള്‍ക്ക് അവസരം കിട്ടുന്ന ഇക്കാലത്ത് പുതുതലമുറയ്ക്ക് അവര്‍ അത്ര പരിചിതരായിരിക്കില്ല. എന്നാല്‍ അടുത്തകാലം വരെ ഓരോ മലയാളിയും തന്നെയും തന്റെ കുടുംബത്തെയും അയല്‍ക്കാരെയും ടോംസിന്റെ ബോബനും മോളിയുമെന്ന പരമ്പരയില്‍ കണ്ടിരുന്നുവെന്നു പറയാം. തികഞ്ഞ സാമൂഹിക നിരീക്ഷകനായ കുഞ്ചുക്കുറുപ്പ്, ഭാര്യയുടെ ചിരവ കൊണ്ടുള്ള അടിപേടിച്ച് ഓടുന്ന പഞ്ചായത്ത് പ്രസിഡന്റ്, ഒരു കക്ഷിയും സമീപിക്കാത്ത കേസില്ലാ വക്കീല്‍, മഹാവികൃതികളായ ഇരുവരുടെയും പിന്നാലെ ഒന്നും പറയാതെ സഞ്ചരിക്കുന്ന നായ്ക്കുട്ടി. പലരും മലയാള മനോരമ വാരികയുടെ വായന തുടങ്ങുന്നത് അവസാന പുറം തൊട്ടായിരുന്നു. കാരണം ടോംസ്.
ആര്‍ കെ ലക്ഷ്മണിന്റെ കോമണ്‍മാന്‍, ഫ്രഞ്ച്-ബെല്‍ജിയന്‍ കഥാപാത്രമായ ആസ്‌ടെറിക്‌സ്, അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ ഹാങ്ക് കെച്ചമിന്റെ ഡെനിസ്, ജിം ഡേവിസിന്റെ ഗാര്‍ഫീല്‍ഡ് എന്ന പൂച്ച എന്നിങ്ങനെ പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും സമൂഹ മനസ്സിന്റെ ഭാഗമാവുന്നത് രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ വരകളിലും വാക്കുകളിലും പ്രതിഫലിപ്പിച്ചതുകൊണ്ടാണ്. ടോംസിന്റെ ബോബനും മോളിയും പരമ്പര തുടങ്ങിയ കാലംതൊട്ടേ കേരളീയ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. ഭരണകൂടത്തിന്റെ കോമാളിക്കളികളെ വിമര്‍ശിക്കുന്നതിനോടൊപ്പം ചിരിക്കാനും ടോംസ് അവസരമൊരുക്കി.
Next Story

RELATED STORIES

Share it