ടൈറ്റാനിയം: അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസിലെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 19നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ ഇല്ലിക്കാടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തിയ വിജിലന്‍സിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി സ്‌റ്റേ നീക്കിയ വിവരം അറിഞ്ഞില്ലെന്നു പറഞ്ഞ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. ടൈറ്റാനിയം കേസിനുണ്ടായിരുന്ന സ്‌റ്റേ അടുത്തിടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി സ്‌റ്റേ നീങ്ങിയ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം നടത്തണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്. മണക്കാട് സ്വദേശിയും മുന്‍ ടൈറ്റാനിയം ജീവനക്കാരനുമായ എസ് ജയനാണ് ഹരജിക്കാരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹീം കുഞ്ഞ് എന്നിവരും ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, കരാര്‍ കമ്പനി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ടൈറ്റാനിയത്തില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ചതില്‍ 165.98 കോടി നഷ്ടമായെന്നാണ് ഹരജിയിലെ ആരോപണം. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ടി ബാലകൃഷ്ണനാണു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജിലന്‍സ് കോടതിയില്‍ ഹരജിക്കാരനുവേണ്ടി എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായി.
Next Story

RELATED STORIES

Share it