ടേപ്പ് വിവാദം: അജിത് ജോഗിയില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ ഒത്താശ ചെയ്തുവെന്ന ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി അജിത്‌ജോഗിയില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടി. ആരോപണത്തെ തുടര്‍ന്ന് അജിത്‌ജോഗിയുടെ മകന്‍ അമിത്‌ജോഗിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര അച്ചടക്കസമിതിയാണ് അജിത്‌ജോഗിക്ക് നോട്ടീസയച്ചത്.
2011ല്‍ അന്താഗഡ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചെന്നാണ് ആരോപണം. ഇപ്രകാരം ഒത്തുകളിച്ചതിനു പിന്നിലെ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തുന്ന ഓഡിയോ ടേപ്പുകള്‍ പുറത്തുവന്നിരുന്നു. അജിത് ജോഗിയുടെയും അമിത് ജോഗിയുടെയും പങ്ക് വെളിപ്പെടുത്തുന്നതാണ് ടേപ്പുകളിലെ സംഭാഷണങ്ങള്‍.
എന്നാല്‍, ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചിട്ടുണ്ട്. ടേപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് അജിത്‌ജോഗിയെ പുറത്താക്കാന്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കമ്മിറ്റി പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അനുമതി തേടുന്ന പ്രമേയം പാസാക്കിയിരുന്നു. തന്നെ പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിത്‌ജോഗി സമര്‍പ്പിച്ച അപ്പീല്‍ അച്ചടക്കസമിതി സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it