ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മാരന്‍ സിബിഐ മുമ്പാകെ ഹാജരാവണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനോട് സിബിഐക്കു മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാരന്‍ സിബിഐ ഒാഫിസില്‍ ഉണ്ടായിരിക്കണമെന്നാണ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചത്.
എന്നാല്‍, മാരനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി. ദയാനിധി മാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് കോടതി അനുമതി നല്‍കിയില്ല. ഒരു മുന്‍മന്ത്രിയോടു ചോദിക്കാവുന്ന അനുയോജ്യമായ ചോദ്യാവലി തയാറാക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നവയ്ക്ക് ഉചിതമായ ഉത്തരം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാരനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും അതിനായി ആറ് ദിവസത്തേക്കു കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്.
മന്ത്രിയായിരുന്ന കാലത്ത് മാരന്‍ സ്വവസതിയില്‍ 300ഓളം ടെലിഫോണ്‍ കണക്ഷനുകള്‍ സ്ഥാപിച്ച് സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയെ സഹായിച്ചു എന്നാണ് കേസ്.മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കുകയും സിബിഐ മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ദയാനിധി മാരന്‍ സുപ്രിംകോടതയെ സമീപിച്ചത്.
Next Story

RELATED STORIES

Share it