ടെലികോം കമ്പനികള്‍ സര്‍ക്കാരിന് 12,489 കോടി നഷ്ടം വരുത്തി

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ വരുമാനം കുറച്ചു കാണിച്ചതിലൂടെ സര്‍ക്കാരിന് 12,488.93 കോടി നഷ്ടം വന്നതായി റിപോര്‍ട്ട്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച റിപോര്‍ട്ടിലാണ് സ്വകാര്യ ടെലികോം കമ്പനികളുടെ തട്ടിപ്പ് പുറത്തുവന്നത്.
റിലയന്‍സ് കമ്മ്യൂണിക്കേ ഷന്‍. ടാറ്റ ടെലികോം, വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, എയര്‍സെല്‍ എന്നീ കമ്പനികളുടെ 2006 മുതല്‍ 2010 വരെ കണക്കുകളില്‍ 46,045.75 കോടി കുറച്ചാണ് കാണിച്ചത്.
സുപ്രിം കോടതി ലൈസന്‍സ് റദ്ദാക്കിയ ടെലികോം കമ്പനികള്‍ ഒറ്റത്തവണ പ്രവേശന ഫീ ഇനത്തില്‍ 2012-13 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഖജനാവിന് 5476.3 കോടിയുടെ നഷ്ടമുണ്ടാക്കിയതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ 2009 മുതല്‍ 2011 വരെയുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ പ്രത്യേക ഓഡിറ്റിനു വിധേയമാക്കാന്‍ ഉത്തരവിടുമെന്ന് ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, സിഎജി കണ്ടെത്തിയ കണക്കുകളെ സംബന്ധിച്ച് പല കോടതികളില്‍ കേസുകള്‍ നടക്കുന്നുണ്ടെന്നാണ് ടെലികോം കമ്പനികളുടെ സംഘടനകള്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it