Sports

ടെറിയുടെ മാന്ത്രികച്ചെപ്പില്‍നിന്ന് അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച് കേരളം

ടോമി മാത്യു

കൊച്ചി: തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലര്‍ അഴിച്ചുവച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ എന്ന കീരീടം തലയില്‍ എടുത്ത് അണിയുന്ന ടെറി ഫെലനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷകള്‍ .മല്‍സരത്തിലേക്ക് തിരിച്ച് വരാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സിനായി ടെറിയുടെ മാന്തികച്ചെപ്പില്‍നിന്ന് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജുമെന്റും ആരാധകരും. അയര്‍ലന്‍ഡിന്റെ മുന്‍ ലോകകപ്പ് താരം കൂടിയായ ടെറി ഫെലന്‍ നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കീഴിലുള്ള ഗ്രാസ് റൂട്ട്് ഫുട്‌ബോള്‍ സ്‌കൂളിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ടെറി ഫെലന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ സ്‌കൂള്‍ മികച്ച സേവനമാണ് നല്‍കിവരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്  ഫെലനെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരാന്‍ ഡിസില്‍വ പറഞ്ഞു. ഐഎസ്എല്ലിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി ടെറി ഫെലന്‍ ബ്ലാസ്‌റ്റേഴിസിന്റെ ടീമംഗങ്ങളുമായി ഫുട്‌ബോള്‍ കളിയുടെ വിവിധ വശങ്ങള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തിയിരുന്നു. ടെറി ഫെലന്റെ സങ്കേതിക മികവിനെക്കുറിച്ച് താരങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ്. ആക്രമണ ഫുട്‌ബോളിന്റെ മുഴുവന്‍ സൗന്ദര്യവും പുറത്തെടുക്കാന്‍ ടെറി ഫെലന്‍ കളിക്കാരെ അനുവദിക്കുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരും ടീം മാനേജ്‌മെന്റും കരുതുന്നത്. ടെറി ഫെലന്റെ സാങ്കേതികത്തികവും രാജ്യാന്തര തലത്തിലുളള അനുഭവവും ഒരുമിക്കുമ്പോള്‍ ഈ സീസണില്‍ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടാവുമെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും വിരന്‍ ഡിസില്‍വ പറഞ്ഞു.1984 മുതല്‍ 2009 വരെ പ്രഫഷനല്‍ ഫുട്‌ബോളറായിരുന്ന ടെറി ഫെലന്‍ ലെഫ്റ്റ് ബായ്ക്ക് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്. 42 തവണ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ബൂട്ടണിഞ്ഞ ഫെലന്‍ 94 ലെ ലോകകപ്പിലും അയര്‍ലന്‍ഡിനായി കളത്തിലിറങ്ങിയിരുന്നു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ടണ്‍ എന്നീ ക്ലബ്ബുകള്‍ക്കായും ടെറി ഫെലന്‍  കളിച്ചിരുന്നു.ഇംഗ്ലണ്ടിന്റെ മുന്‍ താരം പീറ്റര്‍ ടെയ്‌ലറായിരുന്നു ഈ സീസണില്‍ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴിസിനെ മുഖ്യമായി പരിശീലിപ്പിച്ചിരുന്നത്. എന്നാല്‍, ഇതുവരെ നടന്ന ആറു കളികളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ നേടിയ വിജയമല്ലാതെ മറ്റൊരു കളിയിലും ടീമിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പരിശീലക സ്ഥാനം ഒഴിഞ്ഞ് ടെയ്‌ലര്‍ പടിയിറങ്ങുകയായിരുന്നു. ടെയ്‌ലര്‍ മടങ്ങിയതോടെ  സഹ പരിശീലകന്‍ ട്രവര്‍ മോര്‍ഗന്റെ പരിശീലനത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിക്കാന്‍ ഇറങ്ങിയത്. ചെന്നൈയിനെതിരായ  മല്‍സരം സമനിലയിലാണ് കലാശിച്ചതെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ മോര്‍ഗനും കഴിയാതെ വന്നതോടെയാണ് ടെറി ഫെലനെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it