ടെന്‍ഡറില്ലാത്ത കരാറില്‍ 100 കോടി കുറച്ച് ഏറ്റെടുക്കാമെന്ന് കരാറുകാര്‍

തിരുവനന്തപുരം: സ്വകാര്യകമ്പനിക്ക് ടെന്‍ഡര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ നല്‍കിയ ആയിരം കോടി രൂപയുടെ കരാറുകള്‍ 100 കോടി കുറച്ച് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കരാര്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. അഞ്ചിന് വീണ്ടും ഹരജി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. കരാറിന്റെ പരിധിയില്‍ വരുന്ന അഞ്ച് നിര്‍മാണ പ്രവൃത്തികളും സുതാര്യമായി പൂര്‍ത്തിയാക്കുമെന്നും അഞ്ച് ശതമാനം ജാമ്യസംഖ്യയായി കെട്ടിവയ്ക്കുമെന്നും മിഷനറികളുടെ ലഭ്യത ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമെന്നും ഹൈക്കോടതിയില്‍ ഉറപ്പു നല്‍കും. കൂടാതെ കരാറുകാരുടെ യോഗ്യത ഹൈക്കോടതി നിര്‍ദേശിക്കുന്ന കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കും.
അക്രഡിറ്റഡ് ഏജന്‍സി എന്ന പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടെന്‍ഡറില്ലാതെ കരാറുകള്‍ നല്‍കാന്‍ ധാരണയായിരിക്കുന്നത്. ഈ നീക്കത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ ആരോപണം. ഹില്‍ ഹൈവേ-ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട് റോഡ്: 237 കോടി, നാടുകാണി- വഴിക്കടവ്- നിലമ്പൂര്‍-എടവണ്ണ- മഞ്ചേരി- മലപ്പുറം-വേങ്ങര- തിരൂരങ്ങാടി- പരപ്പനങ്ങാടി: 450 കോടി, കോഴിക്കോട്-തൊണ്ടയാട് മേല്‍പ്പാലം: 59 കോടി, രാമനാട്ട്കര മേല്‍പ്പാലം: 85 കോടി എന്നീ വര്‍ക്കുകളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിരിക്കുന്നത്. ഓരോ ഇനം പ്രവൃത്തികള്‍ക്കും നിലവിലുള്ള പൊതുമരാമത്ത് നിരക്കിനേക്കാള്‍ ഇരട്ടിയിലധികം നിരക്ക് നല്‍കിയാണ് വര്‍ക്കുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
മാത്രമല്ല ബില്ല് സമര്‍പ്പിക്കുമ്പോള്‍ കരാറുകാര്‍ക്ക് മുന്‍ഗണനാ പ്രകാരം നല്‍കുന്ന ലിസ്റ്റ് അട്ടിമറിച്ച് ഇവര്‍ക്ക് ഉടന്‍ പണം നല്‍കുകയും ചെയ്യും. കരാറുകാര്‍ പണി പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം കാത്തിരുന്നാലാണ് സര്‍ക്കാരില്‍ നിന്നു പണം ലഭിക്കുന്നത്. ഇതിന് ബില്ല് ഡിസ്‌ക്കൗണ്ടിങ് സിസ്റ്റം പ്രകാരം പലിശ കരാറുകാര്‍ നല്‍കേണ്ടിയും വരുന്ന സാഹചര്യം നില നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ വലിയ നിരക്കുകള്‍ ഉള്‍പ്പെടുത്തി ഖജനാവിന് നഷ്ടം വരുത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി വേലപ്പന്‍ നായര്‍, കെ അനില്‍കുമാര്‍, അഷറഫ് കടവിളാകം പങ്കെടുത്തു.
Next Story

RELATED STORIES

Share it