thrissur local

ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ല: പൂക്കുളം നീന്തല്‍ക്കുളമാക്കാനുള്ള പദ്ധതി കടലാസിലൊതുങ്ങുന്നു

ചാവക്കാട്: നഗരസഭ ഒമ്പതാം വാര്‍ഡിലെ പൂക്കുളം വൃത്തിയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ക്കുളമായി ഉപയോഗിക്കാനുള്ള പദ്ധതി എങ്ങുമെത്തിയില്ല. ജലശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 2013ല്‍ പദ്ധതിക്കായി 72 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചങ്കെിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാനായില്ല.
രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ടെന്‍ഡര്‍ നടത്തിയെങ്കിലും കരാറുകാര്‍ ആരും പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായില്ല. പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ നിശ്ചയിച്ച ടെന്‍ഡര്‍ തുകയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രയാസമായതിനാലാണ് കരാറുകാര്‍ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത്രേ. നിര്‍മാണ സാമഗ്രികളുടെ വില വര്‍ദ്ധിച്ചതനുസരിച്ച് ടെന്‍ഡര്‍ തുകയിലും ആനുപാതികമായ വര്‍ധന വേണമെന്നാണ് കരാറുകാരുടെ ആവശ്യം.
ഇതിനെ തുടര്‍ന്ന് ടെന്‍ഡര്‍ തുകയില്‍ കാലാനുസൃതമായ മാറ്റം വരുത്തി വീണ്ടും ടെന്‍ഡര്‍ നടത്താനാണ് അധികൃതരുടെ ശ്രമം. നഗരസഭയുടേയും നഗരസഭ ഒമ്പതാം വാര്‍ഡിലെ വികസന സമിതിയുടേയും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ പദ്ധതിക്കായി തുക അനുവദിച്ചത്.
രേഖകളില്‍ 87 സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പൂക്കുളത്തിന് കൈയേറ്റത്തെ തുടര്‍ന്ന് വിസ്തൃതിയില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്. പ്രദേശത്തെ നൂറുകണക്കിന് കിണറുകളില്‍ കടുത്ത വേനലിലും കുടിവെള്ളം വറ്റാതിരിക്കാനുള്ള പ്രധാന കാരണം പൂക്കുളത്തിന്റെ ജലസമൃദ്ധിയാണ്. എന്നാല്‍ സമൂഹവിരുദ്ധര്‍ മാംസാവശിഷ്ടങ്ങളും മാലിന്യവും തള്ളി കുളത്തിലെ വെള്ളം മലിനമായി.
കോളിഫോം ബാക്ടീരിയകളുടെ അളവ് കുളത്തിലെ വെള്ളത്തില്‍ അനുദിനം വര്‍ധിച്ചു വരുന്നതിനാല്‍ സമീപത്തെ കിണറുകളിലും കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം പ്രകടമാവാന്‍ തുടങ്ങി. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ട്. കുളത്തിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു വിഭാഗം സര്‍വെ നടത്തുകയും പലയിടത്തും കൈയേറ്റങ്ങള്‍ കണ്ടെത്തുകയുമുണ്ടായി. എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ പാതിവഴിയില്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it