ടെക്‌നീഷ്യന്‍മാരുടെ വേതനവര്‍ധന ചര്‍ച്ച അലസി; സിനിമാമേഖല പ്രതിസന്ധിയിലേക്ക്

കൊച്ചി: സിനിമ ടെക്‌നീഷ്യന്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കൊച്ചിയില്‍ ഫെഫ്കയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. വേതനവര്‍ധന അംഗീകരിക്കാനാവില്ലെന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കടുംപിടിത്തത്തെ തുടര്‍ന്നാണ് ചര്‍ച്ച അലസിയത്. എന്നാല്‍, 30ന് വീണ്ടും ചേരുന്ന സംയുക്ത ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനത്തില്‍ എത്താനാവുമെന്ന് ഇരു സംഘടനകളും പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം വലിയ വേതനവര്‍ധന വേണമെന്ന ആവശ്യമാണ് ഫെഫ്ക ചര്‍ച്ചയില്‍ ഉന്നയിച്ചതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് അറിയിച്ചു. വേതന വര്‍ധനവിന് നിര്‍മാതാക്കളുടെ സംഘടന കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ഫെഫ്ക ഭാരവാഹികള്‍ ഇതിനെ അനുകൂലിച്ചില്ല. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ത്ത് പത്തു ദിവസത്തിനകം ഇതു സംബന്ധിച്ചു തീരുമാനമെടുക്കും.
ജനറല്‍ബോഡി യോഗത്തിനുശേഷം മാത്രമേ മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ ആരംഭിക്കുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ഇന്നലത്തെ ചര്‍ച്ചയിലെ ധാരണ ലംഘിച്ച് ഇന്നുമുതല്‍ ഏതെങ്കിലും ലൊക്കേഷനുകളില്‍ ശമ്പളവര്‍ധന നിലവില്‍ വരുകയാണെങ്കില്‍ പുതിയ സിനിമകള്‍ നിര്‍ത്തുന്നതിനെ സംബന്ധിച്ച് ഗൗരവമായി ആലോചിക്കുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍, പ്രസിഡന്റ് സിബി മലയില്‍, മറ്റു ഭാരവാഹികളായ കമല്‍, ഭാഗ്യലക്ഷ്മി, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ കൃഷ്ണകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കള്ളിയൂര്‍ ശശി, ഹസീബ് ഹനീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it