kannur local

ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകാന്‍ നാലു പുതിയ പദ്ധതികള്‍

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച 4 പദ്ധതികളുടെയും പുതിയ 4 പ്രവൃത്തികളുടെയും ഉദ്ഘാടനം 18ന് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. പയ്യാമ്പലം പാര്‍ക്കില്‍ നിര്‍മിച്ച പുതിയ പ്രവേശന കവാടം രാവിലെ 11.30ന് മന്ത്രി ഉദ്ഘാടനം ചെയ്യും.
എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാവും. വൈകീട്ട് മൂന്നിന് അഴീക്കോട് മീന്‍കുന്ന് ചാല്‍ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ബീച്ചില്‍ കൂടുതല്‍ ഇരിപ്പിടങ്ങളും നടപ്പാതയും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെ എം ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കും.
ചെറുതാഴം പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് തടാകത്തിനരികില്‍ മല്‍സ്യസമ്പത്തും കണ്ടല്‍ക്കാടുകളും സംരക്ഷിച്ചുകൊണ്ട് 84 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉദ്യാനം സ്ഥാപിച്ചത്. പത്മശ്രീ ജി ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി.
നടപ്പാത, കിയോസ്‌ക്, ഫുഡ് കോര്‍ട്ട്, ഇരിപ്പിടങ്ങള്‍, ബോട്ട്‌ജെട്ടി, സോളാര്‍ ലൈറ്റിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ 65.5 ലക്ഷം രൂപയുടെ പദ്ധതികളാണു നടപ്പാക്കിയത്. ഇവിടെയും പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടര്‍, പുല്‍ത്തകിടി, ബോട്ട്‌ജെട്ടി എന്നിവ ഒരുക്കി.
വൈകീട്ട് നാലിന് ചൂട്ടാട് ബീച്ചിലും 4.30ന് ചെമ്പല്ലിക്കുണ്ടിലും ഉദ്ഘാടനം നടക്കും. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. പുതുതായി ആരംഭിക്കുന്ന ഇരിട്ടി-കൂര്‍ഗ് വാലി റിവര്‍വ്യൂ പാര്‍ക്കിന്റെ പ്രവൃത്തി ഉദ്ഘാടനം രാവിലെ ഒമ്പതിന് മന്ത്രി നിര്‍വഹിക്കും.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഒരുകോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒരുകോടി രൂപ ചെലവില്‍ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10ന് മന്ത്രി നിര്‍വഹിക്കും. ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പാപ്പിനിശ്ശേരി കീച്ചേരി കൈരളി വീവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഹാ ന്റ്‌ലൂം ഷോറൂമിന്റെ പ്രവൃത്തി ഉദ്ഘാടനം വൈകിട്ട് 3.30ന് മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വഹിക്കും. 1.43 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങളിലടക്കം കൂടുതല്‍ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പരസ്യചിത്രത്തിന്റെ പ്രകാശനം ഉച്ചയ്ക്ക് രണ്ടിന് ഗവ. ഗസ്റ്റ് ഹൗസില്‍ മന്ത്രി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക് ടര്‍ പി ബാലകിരണ്‍, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, അംഗങ്ങളായ വി വി പുരുഷോത്തമന്‍, വി സി നാരായണന്‍, കെ സി ഗണേശന്‍, കെ പി ഗംഗാധരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it