wayanad local

ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷ;  ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നു

കല്‍പ്പറ്റ: ജില്ലയില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പ്രത്യേകം പദ്ധതി നടപ്പാക്കുന്നു. ശാസ്ത്രീയമായ സുരക്ഷ സൗകര്യങ്ങള്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.നിലവില്‍ സീസണില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടിയിലധികം സഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടി വരാറുണ്ട്.
കുറുവ, പൂക്കോട്, എന്നിവിടങ്ങളിലാണ് ഈ നടപടികള്‍ ഏറെ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നത്. ഇവിടങ്ങളില്‍ എത്ര സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കണക്ക് പോലും ടൂറിസം വകുപ്പിന്റെയോ ഡിടിപി സിയുടെയോ പക്കലില്ല. ഈ സാഹചര്യത്തില്‍ ദുരന്തങ്ങളുണ്ടായാല്‍ ഏതു തരത്തില്‍ നേരിടുമെന്നോ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നതോ സംബന്ധിച്ചും മുന്‍ കരുതലൊന്നും സ്വീകരിച്ചിട്ടില്ല. കുറുവ, ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ എന്നിവിടങ്ങളില്‍ ഇതിനകം നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവങ്ങളായത് കൊണ്ട് തന്നെ അധികൃതര്‍ സ്വീകരിച്ച സുരക്ഷാ മുന്‍ കരുതല്‍ സംബന്ധിച്ച് ചര്‍ച്ചകളും ഉണ്ടാകാറില്ല. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം അപകടങ്ങളുണ്ടായാല്‍ ജീവന്‍ രക്ഷാ ദൗത്യത്തിനും അടിയന്തിരമായി സ്വീകരിക്കേണ്ട മറ്റ് നടപടികള്‍ക്കുമായി ജില്ലയ്ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുമെന്ന് ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ജില്ലയില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാവിഷ്‌കരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നിലവിലെ ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കുന്നതിന് ഡിടിപിസി യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിദഗ്ദ എജന്‍സിയെ ചുമതലപ്പെടുത്തി ഈ ഏജന്‍സി സമര്‍പ്പിക്കുന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുക.
Next Story

RELATED STORIES

Share it