ടീം സോളാറിന്റെ തകര്‍ച്ചയ്ക്ക് കാരണം മുഖ്യമന്ത്രി

കൊച്ചി: ടീം സോളാര്‍ കമ്പനിയുടെയും തന്റെ ജീവിതത്തിന്റെയും തകര്‍ച്ചയ്ക്കു കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസുമാണെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഇതേക്കുറിച്ച് പരാമര്‍ശിക്കാതെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനാവില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാര്‍ക്കും ടീം സോളാര്‍ കമ്പനിയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷന്‍ മുമ്പാകെ ബിജു വ്യക്തമാക്കി.
ടീം സോളാര്‍ കമ്പനിക്ക് ബിസിനസ് ഓര്‍ഡറുകള്‍ ശരിയാക്കി നല്‍കിയ വകയില്‍ ലഭിച്ച ലാഭവിഹിതത്തിന്റെ 20 ശതമാനം ഹൈബി ഈഡന്‍ എംഎല്‍എക്കു നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ് എന്നിവര്‍ ടീം സോളാറിന്റെ ബിസിനസില്‍ സഹായിച്ചിരുന്നു. പി സി വിഷ്ണുനാഥിന് പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപയും നല്‍കി. സരിതയുമായുള്ള ബന്ധത്തിന്റെ പേരില്‍ എംഎല്‍എ മോന്‍സ് ജോസഫുമായി വഴക്കുണ്ടാക്കിയതായും ബിജു പറഞ്ഞു.
എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന എക്‌സ്‌പോയി ല്‍ പങ്കെടുക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിത്തന്നതിനും അഞ്ചു മാസത്തിനകം 12 പ്രൊജക്ട് ഓര്‍ഡറുകള്‍ നല്‍കിയതിനുമാണ് ഹൈബി ഈഡന് പണം നല്‍കിയതെന്ന് ബിജു പറഞ്ഞു. ലാഭവിഹിതം വച്ച് ടീം സോളാറുമായി സഹകരിച്ചിരുന്ന നിരവധി പ്രമുഖര്‍ ഉണ്ടായിരുന്നു. തന്റെ കൈയില്‍നിന്നു പണം വാങ്ങി തന്നെയും തന്റെ കുടുംബത്തെയും വഴിയാധാരമാക്കിയവരോടു മാത്രമേ താന്‍ പ്രതികരിക്കുന്നുള്ളൂവെന്നും ബിജു സോളാര്‍ കമ്മീഷനോടു പറഞ്ഞു.
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെയും മുനിസിപ്പല്‍ ഓഫിസിലെയും ചില സ്വകാര്യവ്യക്തികളുടെയും സോളര്‍ പാനല്‍ ഓര്‍ഡറുകള്‍ ശരിയാക്കിത്തന്നത് പി സി വിഷ്ണുനാഥ് എംഎല്‍എയാണ്. അതിന്റെ പ്രതിഫലമായി അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന്റെ സാന്നിധ്യത്തി ല്‍ ചെങ്ങന്നൂരിലെ ഓഫിസില്‍വച്ച് പിഎയുടെ കൈയില്‍ കൊടുത്തിരുന്നു. രശ്മി വധക്കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിവിധി തനിക്കെതിരാക്കുന്നതിന് എംഎല്‍എമാരായ ഹൈബി ഈഡനും മോന്‍സ് ജോസഫും മറ്റുചില പ്രമുഖരുമടങ്ങിയ എട്ടംഗസംഘം ഗൂഢാലോചന നടത്തിയെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
അതേസമയം, കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരികാവശതയുമുള്ളതിനാല്‍ തന്നെ ഡിസംബര്‍ ഏഴിനു ശേഷമേ വിസ്തരിക്കാവൂ എന്നപേക്ഷിച്ച് ഉച്ചയ്ക്കുശേഷം ബിജു നല്‍കിയ ഹരജി കമ്മീഷന്‍ തള്ളി. പിന്നീട് ബിജുവിന്റെ മാനസിക സമ്മര്‍ദ്ദം കണക്കിലെടുത്ത് തല്‍ക്കാലത്തേക്ക് സിറ്റിങ് നിര്‍ത്തിവച്ച കമ്മീഷന്‍ സിറ്റിങ് ഇന്നുരാവിലെ പത്തിന് ആരംഭിക്കുമെന്നറിയിച്ചു.
Next Story

RELATED STORIES

Share it