ടി പി ശ്രീനിവാസനു നേരെ എസ്എഫ്‌ഐ ആക്രമണം; സിപിഎം നേതൃത്വം മാപ്പു പറഞ്ഞു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഇന്ത്യന്‍ മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസന് നേരെ എസ്എഫ്‌ഐ ആക്രമണം. കോവളം ലീലാ ഹോട്ടലില്‍ നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെയാണു സംഭവം.
പരിപാടിയുടെ സ്വാഗതപ്രസംഗകനായ ശ്രീനിവാസന്‍ വേദിയിലേക്കു വരുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കൊടികെട്ടിയ വടികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച അദ്ദേഹത്തെ പിന്നാലെയെത്തിയ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് പോലിസുകാരുടെ മുന്നിലിട്ട് തല്ലി. മുഖത്തടിയേറ്റ ശ്രീനിവാസന്‍ നിലത്തുവീണു.
ഒപ്പമുണ്ടായിരുന്ന പേഴ്‌സനല്‍ സ്റ്റാഫംഗമാണ് താങ്ങിയെടുത്തു മാറ്റിയത്. കോവളത്തെ സുഹൃത്തിന്റെ വീട്ടില്‍ അഭയംതേടിയ ശ്രീനിവാസനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. രാവിലെ 9.30ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പരിപാടിക്ക് 8.45ഓടെ ശ്രീനിവാസന്‍ എത്തിയിരുന്നു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് നടന്നുപോകവെ ഡെപ്യൂട്ടി പോലിസ് കമ്മീഷണറും സംഘവും നോക്കിനില്‍ക്കെയാണ് കൈയേറ്റം. വിദ്യാഭ്യാസക്കച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്എഫ്‌ഐക്കാര്‍ പരിപാടി ഉപരോധിക്കാനെത്തിയത്.
ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സഞ്ജയ്കുമാറും സംഘവും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.
സ്ഥലത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചു. അതിനിടെ, ആക്രമണം നോക്കിനിന്ന പോലിസുകാര്‍ക്കെതിരേ ഐജി മനോജ് എബ്രഹാം അച്ചടക്ക നടപടിയെടുത്തു. ഫോര്‍ട്ട് എസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
Next Story

RELATED STORIES

Share it