kozhikode local

ടി പി വധം: ഗൂഢാലോചന സിബിഐ അന്വേഷിക്കണം; കെ കെ രമ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ടി പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. ഇന്നലെ രാവിലെ ഏഴരയോടെ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് നിവേദനം നല്‍കിയത്.
കേരള സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ വേണ്ടത്ര സമ്മര്‍ദ്ദമുണ്ടായില്ലെന്നുമുളള ആര്‍എംപിയുടെ പരാതി നിലനില്‍ക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് രമ പറഞ്ഞു. വധഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരമേഖല എഡിജിപിയായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡി തലവനായി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും നടപടി എവിടെയും എത്തിയില്ലെന്നും രമ പറഞ്ഞു. കേന്ദ്ര ടെലികോം അതോറിറ്റിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചത്.
തന്റെ ആവശ്യത്തില്‍ വേണ്ടതു ചെയ്യാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് രണ്ടു മാസം മുമ്പ് നിവേദനം നല്‍കിയിരുന്നു.
ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദം കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നതുകൊണ്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. എത്രയും വേഗം തീരുമാനം ഉണ്ടാവണം. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു.പത്ത് മിനുട്ട് മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതേ ആവശ്യമുന്നയിച്ച് ബി ജെ പിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെയും രമ ഇതിനകം സമീപിച്ചിട്ടുണ്ട്. ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രനും രമയോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it