thiruvananthapuram local

ടിപ്പര്‍ അപകടങ്ങള്‍; പോലിസ് ലോറികള്‍ക്കെതിരേ നടപടി തുടങ്ങി

തിരുവനന്തപുരം: ഇന്നലെ രാത്രി പേട്ടയില്‍ ടിപ്പര്‍ലോറിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരണപ്പെട്ട സാഹചര്യത്തില്‍ ടിപ്പര്‍ലോറികള്‍ക്കെതിരേയുള്ള നടപടികള്‍ ട്രാഫിക് പോലീസ് കര്‍ശനമാക്കിയതായി പോലിസ് അറിയിച്ചു. രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ടിപ്പര്‍ലോറികള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലാണ് പേട്ടയില്‍ ഇന്നലെ അപകടമുണ്ടായത്. ആര്യനാട് സ്വദേശി പരേതനായ രാജന്‍-ബീന ദമ്പതികളുടെ മകന്‍ മാര്‍ട്ടിന്‍ രാജ് (10) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
നിയന്ത്രണപരിധി കഴിയുന്നതോടെ സിറ്റിയില്‍ പ്രവേശിക്കുന്ന ടിപ്പര്‍ലോറികള്‍ അമിതവേഗത്തില്‍ പായുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെമുതല്‍ പേരൂര്‍ക്കട, വഴയില, അമ്പലമുക്ക് ഭാഗങ്ങളില്‍ അമിതവേഗത്തിലോ നിയമം ലംഘിച്ചോ പായുന്ന ടിപ്പര്‍ലോറികളെ പിടികൂടുന്ന നടപടികള്‍ തുടങ്ങി. ഈ ഭാഗങ്ങളില്‍ നിന്ന് 5 ഓളം ടിപ്പര്‍ലോറികളെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പിഴയീടാക്കുകയോ മറ്റു നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്തതായി ട്രാഫിക് പോലീസ് അറിയിച്ചു. ഈവര്‍ഷം സ്‌കൂള്‍ അധ്യയനം തുടങ്ങിയശേഷം ഇതാദ്യമായാണ് ഒരു ടിപ്പര്‍ അപകടം റിപോര്‍ട്ട് ചെയ്യുന്നത്. നഗരപരിധിയില്‍ ഓടുന്ന ടിപ്പര്‍, ഹെവിവെഹിക്കിള്‍ ഡ്രൈവര്‍മാരുടെ വിവരം ശേഖരിച്ചശേഷം അവര്‍ക്ക് ക്ലാസ് നല്‍കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വരുന്ന ശനിയാഴ്ച കമ്മീഷണര്‍ ഓഫീസില്‍ രാവിലെ 10 മുതല്‍ ഇവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ടിപ്പര്‍ അപകടങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും കാല്‍നടയാത്രക്കാരും ബൈക്ക് യാത്രികരുമാണ്. ഇരുചക്രവാഹനങ്ങളുടെ പിറകില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന നടപടി കര്‍ശനമാക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it