ടിപി വധം: ആഭ്യന്തരമന്ത്രി വീണ്ടും കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്രത്തിന് വീണ്ടും കത്തയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, സിബിഐയുടെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ക്കാണ് കത്തയച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പലവട്ടം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. 2014 ഫെബ്രുവരി 21നാണ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യത്തെ കത്തയച്ചത്. 2014 മാര്‍ച്ച് 14ന് സെഷന്‍സ് കോടതി മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചതിനാല്‍ കേസ് സിബിഐക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് മാര്‍ച്ച് 21ന് വീണ്ടും കത്ത് നല്‍കിയെങ്കിലും 2014 മെയ് 12ന് സിബിഐ അന്വേഷണം സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
കേസ് സിബിഐക്ക് വിടണമെന്നുള്ള കെ കെ രമയുടെയും ആര്‍എംപി നേതാക്കളുടെയും അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും കത്തയച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും ആഭ്യന്തരമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ടിപി വധക്കേസ് സിബിഐക്ക് വിടാന്‍ മടിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സിപിഎം നേതാക്കളും തമ്മിലുള്ള രഹസ്യ ധാരണമൂലമാണെന്ന് കെ കെ രമ ഇന്നലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. തങ്ങളുടെ പരാതി കേന്ദ്രസര്‍ക്കാരിന് നല്‍കി. കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരവകുപ്പും സംസ്ഥാന സര്‍ക്കാരും കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. ടിപി വധക്കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്നും രമ മുന്നറിയിപ്പു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it