Pathanamthitta local

ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍

അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ മേക്കുന്നുമുകളിലെ അനധികൃത ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍. ഇന്നലെ രാവിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതിരിക്കാന്‍ പോലിസ് സംരക്ഷണം പ്ലാന്റ് ഉടമകള്‍ വാങ്ങിയിരുന്നു.
ടാര്‍ മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 123 പേര്‍ ഒപ്പിട്ട നിവേദനം പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിക്കു നല്‍കിയിരുന്നു. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി പ്ലാന്റ് മാറുന്നമെന്നും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും അന്തരീക്ഷ മലിനീകരണം സമീപത്തെ ജലാശയത്തെ മലിനപ്പെടുത്തും എന്ന് കാണിച്ചായിരുന്നു നാട്ടുകാര്‍ നിവേദനംനല്‍കിയത്.
ദുര്‍ഗന്ധം വമിക്കുന്ന പുകയും പൊടിയും ശ്വാസം മുട്ടലിനും ഇടവരുമെന്നും നിവേദനത്തില്‍ പറയുന്നു. നിയമം ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള പ്ലാന്റിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരവധി തവണ വന്നിരുന്നു. ഈ വിഷയം സംബന്ധിച്ച് പഞ്ചായത്തിനോട് അടൂര്‍ ആര്‍ഡിഒ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇത് സംബന്ധിച്ച് പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നു റിപോര്‍ട്ട് കൊടുത്തിരുന്നതുമാണ്.
കൊല്ലം-തേനി ദേശീയപാതയുടെ മിര്‍മാണത്തിനുളള ടാര്‍ മിക്‌സിങ് പ്ലാന്റാണ് കൊല്ലം ജില്ലയ്ക്ക് പുറത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേക്കുന്നുമുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. വികെജെ ആന്റ് കമ്പനിക്കു വേണ്ടി വി കെ ജനാര്‍ദ്ദനന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതിക്കായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നതാണ്. പഞ്ചായത്ത് കമ്മിറ്റി കത്ത് പരിശോധിക്കുകയും അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രദേശവാസികളില്‍ നിന്നു ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും പഞ്ചായത്തിന്റെ അഭിപ്രായം മാനിക്കാതെയാണ് ഹൈക്കോടതിയില്‍ നിന്നു പോലിസ് സംരക്ഷണത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ പ്ലാന്റിന് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്നലെ രാവിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പ്ലാന്റിന് മുമ്പില്‍ വന്ന് ബഹളവും തര്‍ക്കങ്ങളുമായി പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്ത് പോലിസ് സംഘമുണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് സമരം നടത്തിയവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി റഫീക്ക് സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത് ഡിവൈഎസ്പിക്ക് നല്‍കുകയും നിര്‍മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിനു ആവശ്യപ്പെടുകയും ചെയ്തു.
ഡിവൈഎസ്പി റഫീക്ക്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ബി രാജശേഖരക്കുറുപ്പ്, സി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശശികുമാര്‍ തെങ്ങമം, മണ്ഡലം കമ്മിറ്റി അംഗം എം മധു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിക്കുട്ടി, പഞ്ചായത്ത് അംഗം സദാശിവന്‍പിളള ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it