Idukki local

ടാര്‍ തിരിമറി: നഷ്ടം ഈടാക്കാന്‍ മുനിസിപ്പാലിറ്റി കോടതിയിലേക്ക്

ജോബിന്‍ തോമസ്

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാര്‍ എത്തിച്ചിരുന്ന കരാറുകാരന്‍ വിഴ്ച വരുത്തിയതിനെ തുടര്‍ന്ന് നഗരസഭയ്ക്ക് 34,79,108 രൂപയുടെ നഷ്ടം.ഇന്നലെ കൂടിയ നഗരസഭ കൗണ്‍സിലില്‍ ഈ തുക ഈടാക്കാന്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചു.
കേസ് കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന് നഷ്ടം സംഭവിച്ച തുകയുെട 10 ശതമാനം കോടതിയില്‍ കെട്ടിവെയ്ക്കണം.ഇത്തരത്തില്‍ 3,47,910 രൂപ കോര്‍ട്ട് ഫീസായി കെട്ടി വെയ്ക്കണമെന്നു നഗരസഭയെ അഭിഭാഷകന്‍ അറിയിച്ചു.കേസ് ഫയല്‍ ചെയ്യുമ്പോള്‍ മൊത്തം തുകയുടെ ഒരു ശതമാനമായ 34,791 രൂപയും കെട്ടിവെയ്ക്കണം.തുക കെട്ടി വെച്ച് കേസ് നടത്താനും കൗണ്‍സില്‍തീരുമാനിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊടുപുഴ മേഖലയില്‍ ടാര്‍ എത്തിക്കാനുള്ള കരാര്‍ എടുത്തത് ഒരു പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവിന്റെ അടുപ്പക്കാരനാണ്.
നഗരസഭാ റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി എത്തിക്കേണ്ട ടാര്‍ മറ്റ് സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ക്ക് മറിച്ച് വിറ്റതായി കരാറുകാരനായ മുതലക്കോടം സ്വദേശിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇദ്ദേഹം തൊടുപുഴയില്‍ റോഡ് കോണ്‍ട്രാക്ടറും നഗരസഭയിലെ ടാര്‍ വിതരണ കരാറുകാരനുമായിരുന്നു.നഗരസഭ ഒരോ തവണയും നല്‍കുന്ന ഡിഡി ഉപയോഗിച്ചാണ് ആവശ്യമായ ടാര്‍ ഇവിടെ എത്തിച്ചിരുന്നത്.നഗരസഭയുടെ പണം ഉപയോഗിച്ച് എത്തിക്കുന്ന ടാര്‍ മറ്റ് കരാറുകാര്‍ക്ക് മറിച്ച് വിറ്റാണ് ഇയാള്‍ വെട്ടിപ്പ് നടത്തിയാതായാണ് ആക്ഷേപം.
ഇത്തരത്തില്‍ തൊടുപുഴയിലെ നിരവധി റോഡ് വര്‍ക്കുകള്‍ പൂര്‍ത്തികരിച്ചതായി നഗരസഭയെ കരാറുകാരന്‍ തെറ്റിദ്ധരിപ്പിച്ചു.ഇങ്ങനെയാണ് നഗരസഭയ്ക്ക് 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്.
ഈ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.എന്നാല്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത് അന്നത്തെ ഭരണ സമിതിയിലെ ചിലര്‍ക്ക് അറിയാമായിരിന്നിട്ടും നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്.
Next Story

RELATED STORIES

Share it