Middlepiece

ടാഗൂറും ഹിച്ച്‌കോക്കും ബഹുമതി മടക്കിയവര്‍...

ബഹുമതികള്‍, അവാര്‍ഡ് തുകയടക്കം യഥാര്‍ഥ പ്രതിഭകള്‍ (അവര്‍ ആ പേരിനര്‍ഹരാണെങ്കില്‍) ഭരണകൂടത്തിനു തിരിച്ചുനല്‍കുന്നു. ഇന്ത്യയില്‍, ലോകത്ത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ബ്രിട്ടനിലെ രാജാവില്‍നിന്ന് 'പട്ടും വളയും' സ്വീകരിച്ച കവി കുമാരനാശാന്‍ കേട്ട 'തെറി'ക്ക് കൈയും കണക്കും ഉണ്ടായിരുന്നില്ല. സഹികെട്ട് ആശാന്‍ ആയത് തിരസ്‌കരിച്ചു. ഇപ്പോഴത്തെ 'തിരിച്ചുനല്‍കല്‍' ബഹളങ്ങള്‍ക്കിടയില്‍ ചിലര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 'സംഘടിപ്പിച്ച' കേന്ദ്ര സാഹിത്യ അക്കാദമി പദവിയും അവാര്‍ഡുകളും മടക്കിയയച്ചത് തമാശ മാത്രമല്ല, ചിരിയും വിതറുന്നു. കാരണം, കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വത്തിന് ഒരു എഴുത്തുകാരന്‍ (അയാള്‍ ആ പേരിനര്‍ഹനാണെങ്കില്‍) എന്തൊക്കെ 'വിടുവേല' അനുഷ്ഠിക്കണമെന്നും ആരൊക്കെ ശുപാര്‍ശ ചെയ്യണമെന്നും സുകുമാര്‍ അഴീക്കോട് മുതല്‍ എന്‍ വി കൃഷ്ണവാര്യര്‍ വരെ ഉള്ളവരില്‍നിന്ന് നേരിട്ടു കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ 'കണ്ടെത്തി' അക്കാദമി അംഗത്വം നല്‍കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു യുഗം മുതലേ കാലുവാരലും ശുപാര്‍ശയും കൊടികുത്തിവാണിരുന്നു. പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് മലയാളത്തെ പ്രതിനിധീകരിക്കാന്‍ സര്‍ദാര്‍ കെ എം പണിക്കര്‍ മുഖേന ജവഹര്‍ലാല്‍ നെഹ്‌റു മഹാകവി വള്ളത്തോളിനെ പ്രേരിപ്പിച്ചപ്പോള്‍ ശുദ്ധമാനസനായ വള്ളത്തോള്‍, പണിക്കര്‍ക്ക് എഴുതി: ഈ കിഴവന്‍ സാഹിത്യ അക്കാദമി കസേരയ്ക്ക് അര്‍ഹന്‍ തന്നെയോ, ആണെങ്കില്‍ തന്നെയും ഡല്‍ഹിയിലെ മഞ്ഞും അതിശൈത്യവും എന്റെ പഴകിയ ജലദോഷത്തലയ്ക്ക് ശല്യമാവില്ലയോ, എത്ര കിട്ടും യാത്രപ്പടി, കലാമണ്ഡലത്തിന് ഈ പദവികൊണ്ട് എന്തെങ്കിലും വരുമാനം... എന്നിങ്ങനെ നീളുന്നു മഹാകവിയുടെ ശങ്കകള്‍. ഇന്നോ, എ കെ ആന്റണി ആയാലും വേണ്ടില്ല കാലില്‍ കമിഴ്ന്നുവീണ് 'കസേര' സംഘടിപ്പിക്കുക തന്നെ. കാലാവധി തീരാനാകവേ രാജിസമര്‍പ്പിക്കലും. 1919ല്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കിയ രാജകീയ ബഹുമതി ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും പുല്ലുപോലെ വലിച്ചെറിഞ്ഞത് ഇന്നത്തെ ചില രാജിക്കത്തുകളും തിരിച്ചേല്‍പ്പിക്കലുമായി താരതമ്യം ചെയ്യുക. 1984ല്‍ സിഖ് കൂട്ടക്കുരുതിയില്‍ അരിശംപൂണ്ട് ഖുശ്‌വന്ത് സിങ് പത്മഭൂഷണ്‍ ബഹുമതി തിരിച്ചുനല്‍കി. 1962ല്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, 70ല്‍ ജോണ്‍ ലെന്നന്‍, 1999ല്‍ ലോകപ്രശസ്ത നടി വനേസ റെഡ്‌ഗ്രേവ്, 2002ല്‍ നര്‍ത്തകി സിതാര ദേവി, 2003ല്‍ ഡേവിഡ് ബൗവ്വേ, 2015ല്‍ സലീം ഖാന്‍... ഇവരൊക്കെ ഫാഷിസത്തിനും ഏകാധിപത്യവാഴ്ചയ്ക്കും രാജവാഴ്ചയുടെ എച്ചില്‍വിതരണത്തിലും പ്രതിഷേധിച്ചാണ് രാജകീയ പദവികള്‍, ബഹുമതികള്‍ കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ഭരണകൂടങ്ങള്‍ക്കു തിരിച്ചുനല്‍കിയത്. ബഹുമതി നിരാസവും തിരിച്ചേല്‍പ്പിക്കലും പുതിയ 'ഇടപാട'ല്ലെന്നു സാരം. എന്തുമാവട്ടെ, ഇത്തിരി കസവുകരയുള്ള ഒരീരെഴക്കച്ച കിട്ടിയാല്‍ മുട്ടില്‍ നീന്താന്‍ വരെ തയ്യാര്‍ എന്നു പ്രഖ്യാപിച്ചു നടക്കുന്ന ആര്‍ത്തിക്കാരുടെ രാജ്യത്ത് ഇത്രയെങ്കിലും സംഭവിച്ചല്ലോ. ഈശ്വരോ... രക്ഷതു... ************അവാര്‍ഡ് നിഷേധിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പൊരിക്കല്‍ പ്രസ്താവന ഇറക്കിയപ്പോള്‍ എം പി നാരായണപിള്ള 150കയ്ക്കുള്ള ചെക്ക് ബാലന് അയച്ചുകൊടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോര്‍ക്കുന്നു. കൊതിതോന്നുന്നു, എം പി നാരായണപിള്ള ഇപ്പോഴത്തെ 'കോപ്രായ'ങ്ങള്‍ കാണാനും കേള്‍ക്കാനും ജീവിച്ചിരുന്നെങ്കിലെന്ന്.
Next Story

RELATED STORIES

Share it