ടാക്‌സി ഉടമയില്‍ നിന്ന് അധികം ഈടാക്കിയ നികുതി തിരികെ നല്‍കി

പത്തനംതിട്ട: ടൂറിസ്റ്റ് ടാക്‌സി ഉടമയില്‍നിന്ന് അധികനികുതിയായി ഈടാക്കിയ 10,600 രൂപ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ആര്‍.ടി.ഒ. തിരികെനല്‍കി. പത്തനംതിട്ട ചുരുളിക്കോട് സ്വദേശി സി പ്രകാശില്‍നിന്നാണ് പത്തനംതിട്ട ആര്‍.ടി.ഒ. അധികനികുതി ഈടാക്കിയത്.

പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ടാക്‌സിക്ക് 2014 ഏപ്രില്‍ ഒന്നുമുതല്‍ 2016 മാര്‍ച്ച് 31 വരെ രണ്ടുവര്‍ഷത്തേക്ക് ടാക്‌സ് ലൈസന്‍സ് ഫീസായി 12,000 രൂപ ഈടാക്കിയിരുന്നു. അതേ വര്‍ഷംതന്നെ ടാക്‌സിക്കുള്ള മുന്‍കൂര്‍ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുറച്ചു. നികുതി കുറച്ചതിനെ തുടര്‍ന്ന് താന്‍ അധികം അടച്ച തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമ, ആര്‍.ടി.ഒക്ക് കത്തു നല്‍കിയെങ്കിലും അങ്ങനെ നല്‍കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു മറുപടി. ഭാവിയില്‍ നികുതി അടയ്ക്കുമ്പോള്‍ കുറച്ചു നല്‍കാമെന്നും ആര്‍.ടി.ഒ. ഉറപ്പുനല്‍കി. ഇതിനിടെ പ്രകാശ് തന്റെ ടാക്‌സി കാര്‍ മറ്റൊരാള്‍ക്കു വിറ്റു.

അയാള്‍ അത് സ്വകാര്യ വാഹ—നമാക്കി മാറ്റി. ഒറ്റത്തവണ നികുതിയും അടച്ചു. ഭാവിയില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്ന അവസ്ഥ ഇതോടെ വന്നുചേര്‍ന്നു.  തന്നില്‍നിന്ന് ഈടാക്കിയ അധികനികുതി തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകാശ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ ആര്‍.ടി.ഒയില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ നിയമതടസ്സമുണ്ടെന്നായിരുന്നു മറുപടി.

ടാക്‌സി കാര്‍ വിറ്റതിനാല്‍ ഉടമ അധികമായി അടച്ച 10,600 രൂപ തിരികെ നല്‍കണമെന്ന് ജസ്റ്റിസ് ജെ ബി കോശി ദക്ഷിണമേഖല ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അധികമായി ഈടാക്കിയ തുക തിരികെ നല്‍കിയതായി പത്തനംതിട്ട ആര്‍.ടി.ഒ. കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it