Districts

ജ്യേഷ്ഠഭാര്യയെ സ്വന്തമാക്കാന്‍ ജ്യേഷ്ഠനെ കൊന്ന ബംഗാളി യുവാവിന് ജീവപര്യന്തം

തൃശൂര്‍: ശക്തന്‍ നഗറില്‍ പശ്ചിമബംഗാള്‍ സ്വദേശി മൂര്‍ത്തി സ്മിയയെ കൊലപ്പെടുത്തിയ കേസി ല്‍ സഹോദരന്‍ ഫിറോസ് ഷേഖ്(34)നെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജ്യേഷ്ഠന്റെ ഭാര്യയെ സ്വന്തമാക്കാനാണ് ഇയാള്‍ മൂര്‍ത്തി സ്മിയയെ കൊലപ്പെടുത്തിയത്. 2013 ഒക്‌ടോബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. ശക്തന്‍ നഗറിലെ പണിനടന്നിരുന്ന ഒരു ഫഌറ്റ് സമുച്ചയത്തിലാണു കൊലപാതകം നടന്നത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് വയര്‍ കീറിയുമാണ് മൂര്‍ത്തി സ്മിയയെ കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴെ നിലയിലെ വെള്ളത്തില്‍ താഴ്ത്തി.

ഒരു മാസത്തിനുശേഷം വെള്ളം വറ്റിച്ചപ്പോഴാണ് മൂര്‍ത്തിസ്മിയയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വെസ്റ്റ് പോലിസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ നടത്തിയ ആസൂത്രിത കൊലപാതക കഥ പുറത്തറിയുന്നത്.ജ്യേഷ്ഠഭാര്യയെ സ്വന്തമാക്കാനായി സഹോദരനെ ജോലിക്കായി ബംഗാളില്‍നിന്നു തൃശൂരിലെത്തിച്ച് പ്രതി ആസൂത്രിതമായി കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുമ്പ് പലപ്പോഴും പ്രതി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ജ്യേഷ്ഠഭാര്യ കോടതിയില്‍ മൊഴിനല്‍കി. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും കത്തിയും പോലിസ് കണ്ടെടുത്തു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലിസ് സര്‍ജന്‍ ഡോ. ഷേക്ക് ഹുസയ്‌ന്റെ മൊഴിയും ഡിഎന്‍എ പരിശോധനാഫലവും നിര്‍ണായകമായിരുന്നു. കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് സ്മിയയെ പ്രതിയോടൊപ്പം കണ്ടുവെന്ന സാക്ഷിമൊഴിയും കോടതി വിലയിരുത്തി. 24 സാക്ഷികളെയും 48 രേഖകളും ഒമ്പതു തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it