ജോലി സമയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിച്ചേക്കും

കൊച്ചി/തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയങ്ങളില്‍ സര്‍വീസ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതു തടയണമെന്നും സംഘടനാ പ്രവര്‍ത്തനം ജീവനക്കാര്‍ അവധി ദിനങ്ങളില്‍ നടത്തണമെന്നും രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടില്‍ ശുപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മീഷന്‍ സംഘടനാ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നത്.
അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങളടങ്ങുന്ന ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപോര്‍ട്ട് അടുത്തമാസം സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങള്‍ കുറയ്ക്കുകയും തൊഴില്‍ദിനത്തിന്റെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണം. അവധി ദിനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പ്രവൃത്തിദിനങ്ങളില്‍ ജോലി ചെയ്യണം. ഫ്രൈഡേ വീക്കെന്ന സങ്കല്‍പം കേരളത്തില്‍ പ്രായോഗികമല്ല. കാരണം നിലവില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ദിനങ്ങള്‍ കൂടുതലാണ്. സമുദായ പ്രീണനത്തിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങളുടെയും പേരില്‍ നിരവധി അവധികളാണ് നല്‍കുന്നത്. കൂടാതെ പ്രാദേശിക അവധികളും നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ജോലികള്‍ക്കു സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കരുത്. വിരമിച്ച ജീവനക്കാരെ ഇതിനായി നിയോഗിക്കണം. ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപോര്‍ട്ട് നേരത്തേ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളുടെ സമഗ്ര റിപോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കുന്നത്. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാപ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളില്‍ മാത്രം നടത്തണമെന്ന ശമ്പള കമ്മീഷന്റെ അഭിപ്രായം പ്രതിഷേധാര്‍ഹമാണെന്നു ജോയിന്റ് കൗണ്‍സില്‍. ജീവനക്കാര്‍ നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംഘടനാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സര്‍വീസ് സംഘടനാ നേതാക്കള്‍ പണിയെടുക്കാതെ സംഘടനാ പ്രവര്‍ത്തനം മാത്രം നടത്തുന്നവരാണെന്ന നിഗമനം അവാസ്തവമാണ്. സംഘടനാ സ്വാതന്ത്ര്യത്തെയും സംഘടനാ പ്രവര്‍ത്തനത്തെയും അവഹേളിക്കുന്ന ജസ്റ്റിസ് രാമചന്ദ്രന്റെ പ്രസ്താവനകള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നു ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it