ജോലി തട്ടിപ്പ് കേസ് : പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ആലപ്പുഴ: പോലിസ് ജോലി തട്ടിപ്പു കേസിലെ മുഖ്യപ്രതി ശരണ്യയുടെ ഭര്‍ത്താവ് പ്രദീപി (32) നെ ഹരിപ്പാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പത്തനംതിട്ടയിലെ വീട്ടില്‍ നിന്നാണ് പ്രദീപിനെ ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പോലിസ് ജോലി തട്ടിപ്പിന് പ്രധാന പങ്കാളിയായി പ്രവര്‍ത്തിച്ചതു പ്രദീപാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രദീപ് ഉള്‍പ്പെടെ മൂന്നു പേരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രണ്ടു പേരെ മാത്രമാണ് റിമാന്‍ഡ് ചെയ്തത്. പ്രദീപിനെ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ശരണ്യയുടെ സഹോദരന്‍ ശരത് (21), തൃക്കുന്നപ്പുഴ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ പ്രദീപ് മാധവന്‍ (40) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. പോലിസ് ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരും ശരണ്യക്ക് സഹായം നല്‍കിയെന്നും തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മൂവരും ആഡംബര ജീവിതം നയിക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23), ഇവരുടെ പിതാവ് സുരേന്ദ്രന്‍ (56), മാതാവ് അജിത (48), ബന്ധു ശംഭു (21) എന്നിവരെ നേരത്തെ കായംകുളം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസില്‍ നൂറോളം പേരെ ഇതിനകം ചോദ്യം ചെയ്തു. ഇതില്‍ പതിനഞ്ചോളം പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ സിപിഒ പ്രദീപ് ശരണ്യയുമായി രണ്ടു വര്‍ഷമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി എസ്പി പറഞ്ഞു. മുമ്പ് ശരണ്യയും ഭര്‍ത്താവും ചേര്‍ന്നായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. ഇവര്‍ തമ്മില്‍ പിണങ്ങിയ ശേഷമാണ് ശരണ്യ സ്വന്തം വീട്ടിലേക്കു മടങ്ങിയത്. ഇവരുടെ സഹോദരന്‍ ശരത്തിനും ആദ്യകാലങ്ങളില്‍ തട്ടിപ്പുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ നില്‍ക്കുന്ന തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. തട്ടിപ്പില്‍ മന്ത്രിയുടെ ഓഫിസിലെ രണ്ടുപേര്‍ സഹായിച്ചുവെന്ന ശരണ്യയുടെ മൊഴിയും ചില യുവ നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കും.
ശരണ്യയുടെ വീട്ടില്‍നിന്ന് പോലിസ് കണ്ടെടുത്ത ഫിസിക്കല്‍ വെരിഫിക്കേഷന്‍ റിപോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്‌നസ് റിപോര്‍ട്ട് എന്നിവയുടെ വ്യാജ രേഖകള്‍ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ ഇക്ബാല്‍, രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it