ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി നൂറുശതമാനം ശരി: സ്പീക്കര്‍

തിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് സ്പീക്കര്‍ എന്‍ ശക്തന്റെ മറുപടി. പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി നൂറുശതമാനം ശരിയാണെന്നും അതിനെതിരേ വിമര്‍ശനമുന്നയിക്കുന്നവര്‍ നിയമം അറിയാത്തവരാണെന്നും സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാനമായ സാഹചര്യത്തില്‍ പാര്‍ലമെന്റിലും മറ്റു നിയമസഭകളിലുമുണ്ടായ നടപടികള്‍ എന്താണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. നിയമപരമായി താന്‍ ചെയ്തത് നൂറുശതമാനം ശരിയാണ്. മറ്റൊന്നും തനിക്കു ചെയ്യാനാവില്ല. തന്റെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
കൂറുമാറ്റ നിരോധന നിയമം ലംഘിച്ച പി സി ജോര്‍ജിനെ സ്പീക്കര്‍ വെള്ളിയാഴ്ചയാണ് അയോഗ്യനാക്കിയത്. ജോര്‍ജ് നല്‍കിയ രാജിക്കത്ത് തള്ളിക്കൊണ്ടായിരുന്നു നടപടി. എന്നാല്‍, സ്പീക്കര്‍ കോണ്‍ഗ്രസ്സിന്റ ചെരിപ്പിന്റെ വാറഴിക്കുന്ന ആളായി അധപ്പതിച്ചെന്നായിരുന്നു വി എസിന്റെ വിമര്‍ശനം.
അതേസമയം, പി സി ജോര്‍ജിനെതിരായ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടിയെ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വിമര്‍ശിച്ചു. രാജിവച്ചയാളെ അയോഗ്യനാക്കുന്നതില്‍ പ്രസക്തിയില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ പതിവാണ്. ആരോപണങ്ങള്‍ തെളിയിക്കപ്പെടാതെ ആരും രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് ബാര്‍ കോഴക്കേസിലെ കെ എം മാണിയുടെ രാജിസംബന്ധിച്ച ചോദ്യത്തിനു വക്കം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it