Districts

ജോര്‍ജിനു കിട്ടിയത് കര്‍മഫലം: ഉണ്ണിയാടന്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി സ്വന്തം കര്‍മത്തിന്റെ ഫലമാണെന്ന് പി സി ജോര്‍ജ് സമ്മതിച്ചതു സ്വാഗതാര്‍ഹമാണെന്ന് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍. അയോഗ്യതാ ഹരജിയില്‍ 13ന് സ്പീക്കര്‍ തീരുമാനം പ്രഖ്യാപിക്കാനിരിക്കേ രാജി വയ്ക്കുന്നത് കേസില്‍ പരാജയപ്പെടുമെന്ന ഉറപ്പ് ജോര്‍ജിനുള്ളതിനാലാണെന്ന് ഹരജിക്കാരന്‍ കൂടിയായ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഭഗവത്ഗീതയില്‍നിന്നും ബൈബിളില്‍ നിന്നുമുള്ള ഉദ്ധരണികളോടെ പ്രഖ്യാപിക്കാന്‍ തക്ക സാംഗത്യമുള്ളതല്ല ജോര്‍ജിന്റെ രാജി തീരുമാനം.

ഹരജി അനന്തമായി നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രം വിഫലമായെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം കര്‍മഫലത്തെപ്പറ്റി വാചാലനാവുന്നത്. ഹരജിയുമായി ബന്ധപ്പെട്ട് അടിസ്ഥാന —രഹിതമായ വിവാദങ്ങളാണ് ജോര്‍ജ് ഉയര്‍ത്തിയത്. ഇതിനിടെ രാജി പ്രഖ്യാപനവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ജൂലൈ 21നു സമര്‍പ്പിച്ച ഹരജിയിന്‍മേലുള്ള നടപടികള്‍ മൂന്നു മാസത്തിലേറെ നീളാനിടയായത് ജോര്‍ജിന്റെ അനാവശ്യ ഇടപെടലുകളും ഉരുണ്ടുകളികളും മൂലമാണ്. സ്വയമൊരുക്കിയ വാരിക്കുഴിയിലാണ് വീണിരിക്കുന്നതെന്ന് ഇനിയെങ്കിലും അദ്ദേഹം അംഗീകരിക്കണം. ജനഹിതത്തെയും നിയമത്തെയും മാനിക്കാതെ രാഷ്ട്രീയ സദാചാരം മറന്ന ജോര്‍ജിന് സ്വന്തം ദുഷ്‌ചെയ്തികള്‍ക്കുള്ള സ്വാഭാവിക തിരിച്ചടിയാണ് കിട്ടിയതെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it