Gulf

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഖത്തറില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഖത്തറില്‍ നിരോധിച്ചു
X
baby-powder

ദോഹ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഖത്തറില്‍ നിരോധിച്ചതായി റിപോര്‍ട്ട്. കാന്‍സറിനു കാരണമായേക്കാവുന്ന ചില ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നിരോധനമെന്ന് നഗരസഭാ മന്ത്രാലയത്തിനു കീഴിലുളള ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥന്‍ മുഹമ്മദ് സെയ്ഫ് അല്‍കുവാരി അറിയിച്ചതായി പ്രാദേശിക പത്രം അല്‍റായ റിപോര്‍ട്ട് ചെയ്തു. താല്‍ക്കാലികമായാണ് നിരോധനമെന്ന് അല്‍കുവാരി അറിയിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഉല്‍പ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠിക്കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചതായി ആഴ്ചകള്‍ക്ക് മുമ്പ് റിപോര്‍ട്ടുണ്ടായിരുന്നു.
ഖത്തറില്‍ വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും പരാതികളില്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം പ്രസ്തുത കമ്പനിയുടെ ലോഷന്‍, ബേബി വാഷ്  തുടങ്ങിയവയ്ക്ക് നിരോധനമില്ല.
കഴിഞ്ഞ 50 വര്‍ഷമായി ഈ പൗഡര്‍ ഉപയോഗിച്ചു വന്ന 62 കാരിയായ അമേരിക്കന്‍ വനിത  ജാക്കി ഫോക്‌സ് അണ്ഡാശയ സംബന്ധമായ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞതിനെ തുടര്‍ന്നു കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ടാല്‍ക്ക് എന്ന വസ്തു അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള അപകടം  സംബന്ധിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നായിരുന്നു പരാതി. കേസില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് 72 ദശലക്ഷം യു എസ് ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജോണ്‍സണ്‍ ആന്റ് ജോണ്‍സണോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നത്തില്‍ ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ യൂറോപ്പിലെ ലാബിലേക്ക് അയച്ചതായി അല്‍കുവാരി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഖത്തറിലെ നിരവധി മാളുകളും ഫാര്‍മസികളും ഉല്‍പ്പന്നം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ചില ഫാര്‍മസികളില്‍ ഇന്നലെയും ഉല്‍പ്പന്നം ലഭ്യമായിരുന്നുവെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
അതേ സമയം, ടാല്‍ക്ക് നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും അതിന് വിരുദ്ധമായ കോടതി വിധിയോട് യോജിക്കാനാവില്ലെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് കരോള്‍ ഗുഡ്‌റിച്ച് പറഞ്ഞു.
Next Story

RELATED STORIES

Share it