ജൈവ പച്ചക്കറി കൃഷി: താലൂക്ക് അടിസ്ഥാനത്തില്‍ സുവര്‍ണ ഷോപ്പ് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി എല്ലാ താലൂക്കിലും സുവര്‍ണ ഷോപ്പ് ആരംഭിക്കും. സഹകരണവകുപ്പ് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സുവര്‍ണ ഷോപ്പ് ആരംഭിക്കുന്നതെന്ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
ജൈവപച്ചക്കറിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കൂടുതല്‍പേരെ പച്ചക്കറി കൃഷിക്കു പ്രേരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം സംസ്ഥാനത്തെ പൂര്‍ണ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിലവില്‍ കാസര്‍കോട് ജില്ലയ്ക്ക് ജൈവകൃഷി പദ്ധതി പ്രകാരം നല്‍കിവരുന്ന സഹായം എല്ലാ ജില്ലയിലും എത്തിക്കും. പച്ചക്കറിയുടെ ഗുണനിലവാര പരിശോധനയ്ക്കായി പുതിയ ലബോറട്ടറികള്‍ സ്ഥാപിക്കും. സോയില്‍ റിസോഴ്‌സ് ഇന്‍വെന്ററി തയ്യാറാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ സര്‍വേ ആരംഭിക്കും. ഐഎസ്ആര്‍ഒ, ഡെറാഡൂണ്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് എന്നിവയുമായി സഹകരിച്ച് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ സാറ്റലൈറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. സംയോജിത കീടനിയന്ത്രണത്തിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിക്കും. പക്ഷിപ്പനിയെത്തുടര്‍ന്ന് കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് ഏര്‍പ്പെടുത്തും.
ഖാദിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 23.79 കോടി ചെലവു പ്രതീക്ഷിക്കുന്ന ഖാദിഗ്രാമം പദ്ധതി 2016-17ല്‍ ആരംഭിക്കും. കോട്ടയത്ത് ഖാദി വിപണന സമുച്ചയവും പയ്യന്നൂര്‍ ഖാദി സെന്ററില്‍ ഗാന്ധി ഖാദി മ്യൂസിയവും സ്ഥാപിക്കുന്നതു പരിഗണനയിലാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. കൗരകൗശല മേഖലയില്‍ ഈ വിഭാഗത്തിലെ പണിക്കാരെ സംരംഭകരായി ഉയര്‍ത്തുന്നതിനുള്ള നൂതന ഉദ്യമങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്തെ കരകൗശല ബ്രാന്റായ എത്‌നിക് കേരള നിര്‍മിക്കുന്നതിനും ജനകീയമാക്കുന്നതിനും പ്രചാരണ പരിപാടി ആരംഭിക്കും. കൈത്തറി യൂനിറ്റുകള്‍/നെയ്ത്തുകാര്‍ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട റവന്യൂ ബ്ലോക്കുകളില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ച് കൈത്തറി ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.
Next Story

RELATED STORIES

Share it