Kottayam Local

ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ലോക മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്: എംജി വിസി

കോട്ടയം: ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇന്നു ലോകമെങ്ങും അത്യധികം ആവശ്യക്കാരുണ്ടെന്നും അന്താരാഷ്ട്ര കമ്പോളത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ക്കു പതിന്മടങ്ങ് വില ലഭ്യമാവുന്നുണ്ടെന്നും മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍.
എംജി സര്‍വകലാശാലയുടെ കീഴില്‍ മൂന്നിലവ് പഞ്ചായത്തിലെ വാളകത്ത് ആരംഭിച്ച ജൈവകൃഷി പരിശീലന കേന്ദ്രത്തില്‍ നടന്ന ജൈവകൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ ജൈവ കാര്‍ഷിക വിദഗ്ധന്‍ കെ വി ദയാല്‍ അധ്യക്ഷത വഹിച്ചു. വാളകം സിഎംഎസ് എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല രജിസ്ട്രാറും അന്തര്‍ സര്‍വകലാശാല സുസ്ഥിര ജൈവകാര്‍ഷിക കേന്ദ്രം ഓണററി ഡയറക്ടറുമായ എം ആര്‍ ഉണ്ണി, കോട്ടയം സിഎസ്എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. റോയി സാം ദാനിയല്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് തറപ്പയില്‍, വാളകം സെന്റ് ലൂക്‌സ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് പി ചന്ദ്രന്‍, മൂന്നിലവ് പഞ്ചയാത്ത് പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍, പഞ്ചയാത്തംഗം ബിന്ദു സെബാസ്റ്റ്യന്‍, ഷിബു തോമസ്, മേരി പോള്‍ സംസാരിച്ചു. ഇവിടെ ആരംഭിച്ച ജൈവകൃഷി പരിശീലന കേന്ദ്രത്തില്‍ ആദിവാസി, പട്ടികജാതി വിഭാഗത്തിനു മുന്‍ഗണന നല്‍കുന്ന രീതിയില്‍ ആറു മാസത്തെ പരിശീലനവും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കേന്ദ്രം വിതരണം ചെയ്യും.
കര്‍ഷകര്‍ക്ക് മണ്ണ് പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുവാനുള്ള സംവിധാനവും ഉണ്ടാവും. മഴവെള്ള സംഭരണം, നീരുറവകളുടെയും അരുവികളുടെയും സംരക്ഷണം, തദ്ദേശീയ വിളകളുടെ സര്‍വേ, ഗ്രൂപ്പ് ഫാമിങ്, പച്ചക്കറി കൃഷി, കൃഷിനിലം തയ്യാറാക്കല്‍ എന്നിവയില്‍ വിദഗ്ധരുടെ ക്ലാസുകള്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it