kannur local

ജൈവ കര്‍ഷകസമിതി സംസ്ഥാന സംഗമം സമാപിച്ചു

പയ്യന്നൂര്‍: പ്രാദേശിക ജൈവ കൃഷി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നയംമാറ്റത്തിനു പ്രേരണയാവുന്നതിനാല്‍ ശക്തിപ്പെടുത്തണമെന്നു ഓര്‍ഗാനിക് അസോസിയേഷ ന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ . ക്ലോഡ് ആള്‍വാരസ്.
പയ്യന്നൂര്‍ വെള്ളൂരില്‍ നടന്ന കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമത്തില്‍ നടന്ന 'ഇന്ത്യയില്‍ ജൈവ കര്‍ഷക പ്രസ്ഥാനങ്ങളുടെ കടമകളും വെല്ലുവിളികളും' ദേശീയ സെമിനാ ര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ സര്‍ട്ടിഫിക്കേഷന് പോവാതെ കര്‍ഷകരെ വിശ്വസിച്ച് ഉല്‍പാദക-ഉപഭോക്തൃബന്ധം മെച്ചപ്പെടുത്തണം. ഉല്‍പാദന അളവ് അനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ ചാര്‍ജ് ഈടാക്കുന്നത് കര്‍ഷകന് സഹായകമാവില്ല. ജൈവ കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നത്തിന് അല്‍പം വില കൂടുന്നതിനോട് പട്ടണ ഉപഭോക്താവിന് പൊരുത്തപ്പെടാന്‍ വിഷമമുണ്ട്.
ഉല്‍പാദക മേഖലയില്‍ ഒന്നും ചെയ്യാത്തവരും സഹായിക്കാത്തവരും കര്‍ഷകരുടെ അധ്വാനം കാണാതെ പോവുന്നത് ശരിയല്ല. പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ ഉല്‍പാദനത്തിനും വിപണനത്തിനും പരസ്പരം സഹകരിക്കണം. എല്ലാ സംസ്ഥാനങ്ങളിലെയും ജൈവ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം ഏറെക്കൂറെ ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ പരസ്പരം ആലോചിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംഘടനകളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സി വിശാലാക്ഷന്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്റ്റേറ്റ് സഹജ സമൃദ്ധ കോ-ഓഡിനേറ്റര്‍ സ്വാമിനാഥന്‍, മഹാരാഷ്ട്ര ഒഎഫ്എഐ റിസര്‍ച്ച് ഡയറക്ടര്‍ ഷമിക മോനെ, വി എം പാര്‍ഥസാരഥി, ശിവകുമാര്‍, കാളീശ്വര റാവു, കെ പി ഇല്യാസ്, സംഘാടക സമിതി ചെയര്‍മാന്‍ ഇ ഭാസ്‌കരന്‍, കെ ഇ കരുണാകരന്‍ സംസാരിച്ചു. തുടര്‍ന്ന് നാട്ടുകൃഷി കൂട്ടായ്മകള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
Next Story

RELATED STORIES

Share it