Kottayam Local

ജൈവകൃഷിക്ക് മുന്‍ഗണന നല്‍കി വൈക്കം നഗരസഭാ ബജറ്റ്

വൈക്കം: സമഗ്ര ജൈവകൃഷിക്കു മുന്‍ഗണന നല്‍കി വൈക്കം നഗരസഭാ ബജറ്റ്. 21 കോടി വരവും, 20 കോടി ചെലവും 88 ലക്ഷത്തില്‍പ്പരം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ അവതരിപ്പിച്ചത്. ഗ്രോബാഗ്, അയല്‍സഭകള്‍, കുടുംബശ്രീകള്‍, വിദ്യാലയ ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജൈവകൃഷി നടപ്പാക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. മുട്ട ഉല്‍പ്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുമെന്നും ബജറ്റില്‍ പറയുന്നു. നാറാണത്ത് പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിക്കും. മല്‍സ്യകൃഷി, മുട്ടക്കോഴി, താറാവ്, ആടുവളര്‍ത്തല്‍ എന്നിവ സജീവമാക്കും. കുടുംബശ്രീകളുടെ നേതൃത്വത്തില്‍ എല്‍ഇഡി ലൈറ്റുകള്‍, സോപ്പ്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ നിര്‍മിച്ചു വിതരണം ചെയ്യുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. സ്‌കൂളുകളില്‍ കമ്മ്യൂനിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാങ്വേജ് ലാബ് സ്ഥാപിക്കും. സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍ നടപ്പാക്കും. വൈക്കം ബീച്ചില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ബോട്ട് യാര്‍ഡും നിര്‍മിക്കും. നഗരസഭ പാര്‍ക്ക് 40 ലക്ഷം രൂപ മുടക്കി വൈഫൈ സൗകര്യത്തോടെ നവീകരിക്കും.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നഗരത്തില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കും. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കും. പൊതുശ്മശാനം ആധുനികരീതിയില്‍ നവീകരിക്കും. പട്ടശ്ശേരി മുതല്‍ പനമ്പുകാട് വരെ തീരദേശ റോഡ് നിര്‍മാണത്തിന്റെ സാധ്യതാപഠനത്തിനായി ഒരു ലക്ഷം രൂപ വകയിരുത്തി. ക്ലീന്‍ കോട്ടയം പദ്ധതി, ശുചിത്വനഗരം സുന്ദരനഗരം പദ്ധതികള്‍ നടപ്പാക്കും. നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കും. ബോട്ട്‌ജെട്ടി മൈതാനിയില്‍ ഓപണ്‍ സ്റ്റേഡിയം നിര്‍മിക്കും. ആശുപത്രിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.
Next Story

RELATED STORIES

Share it