ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുതലയേറ്റു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. അഴിമതിക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അഴിമതി മുക്തമാക്കുകയാണു വിജിലന്‍സിന്റെ ലക്ഷ്യം. ഇന്നലെവരെ പോലിസി ല്‍ പണിയുകയായിരുന്ന താന്‍ ഇനിമുതല്‍ അഴിമതിക്കാര്‍ക്ക് പണികൊടുക്കുന്ന പണിയാവും ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മികച്ച ടീമായി വിജിലന്‍സ് പ്രവര്‍ത്തിക്കും. ബാര്‍കോഴ, സോളാര്‍ കേസുകളില്‍ നടപടിയുണ്ടോയെന്ന ചോദ്യത്തിന് ഇനി പിന്നോട്ടുനോക്കി വണ്ടിയോടിക്കില്ലെന്നും മുന്നോട്ടുനോക്കിയാവും വിജിലന്‍സിനെ ഓടിക്കുകയെന്നും അദ്ദേഹം പറ ഞ്ഞു. എല്ലാ വകുപ്പുകളെയും വിജിലന്‍സ് നിരീക്ഷിക്കും. വിജിലന്‍സ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ നല്ലൊരു സ്‌ട്രൈക്കറും ഗോള്‍ കീപ്പറുമായിരിക്കും. ഓരോ വകുപ്പിനും ക്യാപ്റ്റന്‍മാരുണ്ട്. ഈ വകുപ്പുകളുടെ കാര്യത്തില്‍ റഫറിയുടെയും കോച്ചിന്റെയും റോളിലെത്തും. ആരെങ്കിലും ഫൗള്‍ കാണിച്ചാ ല്‍ ആദ്യം മഞ്ഞക്കാര്‍ഡ് കാണിക്കും. ഫലമില്ലെങ്കില്‍ ചുവപ്പുകാര്‍ഡ് കാണിക്കും. എപ്പോഴും ഈ കാര്‍ഡുകള്‍ തന്റെ പോക്കറ്റിലുണ്ടാവുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ തിരിച്ചടികള്‍ കൊതുകുകടി പോലെയാണ് കണ്ടിട്ടുള്ളത്. അതു തട്ടിക്കളഞ്ഞു മുന്നോട്ടുപോവുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കെതിരേ പത്തിവിടര്‍ത്തി ആടിക്കളിക്കുന്ന പതിവുണ്ടാവില്ല. അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയും. ക്രിയാത്മക വിജിലന്‍സ് എന്ന ആശയവുമായി മുന്നോട്ടുപോവും. തെറ്റുകളില്ലാത്ത വിജിലന്‍സാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്. അതിനായി എല്ലാ വകുപ്പുകളെയും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തില്‍ പൊതുജനം പലതരം അഴിമതികള്‍ നേരിടുന്നു. ഇത്തരം അഴിമതികള്‍ അവസാനിപ്പിക്കണം. പൊതുമുതല്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴയുള്‍െപ്പടെ വിവാദമായ കേസുകളില്‍ സര്‍ക്കാ ര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നു നീക്കിയിരുന്നു. പിണറായി സര്‍ക്കാരാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it