ജേക്കബ് തോമസിന്റെ പരസ്യവിമര്‍ശനം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് കൈമാറി

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പരസ്യപ്രസ്താവനകളുടെ പേരില്‍ വിമര്‍ശനവിധേയനായ ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണ മറുപടി പോലിസ് മേധാവി ടി പി സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. വിശദീകരണ മറുപടിയില്‍ നടപടിക്കുള്ള ശുപാര്‍ശകളൊന്നും ഡിജിപി രേഖപ്പെടുത്തിയിട്ടില്ലെന്നാണു സൂചന.
അതേസമയം, ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നു നീക്കിയപ്പോഴും ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും ജേക്കബ് തോമസ് മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യപ്രതികരണം ശരിയായില്ലെന്നാണ് ഡിജിപി സെ ന്‍കുമാറിന്റെ നിലപാട്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചില്ലെന്ന ജേക്കബ് തോമസിന്റെ വാദങ്ങളെ ടി പി സെന്‍കുമാര്‍ തള്ളി. ജേക്കബ് തോമസിന്റെ നിലവിലെ നിലപാടുകള്‍ നിരര്‍ഥകമാണെന്ന് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപോര്‍ട്ടില്‍ ഡിജിപി വ്യക്തമാക്കി. ജേക്കബ് തോമസിന്റെ പരസ്യപ്രസ്താവനകളടങ്ങിയ സിഡിയുടെ കോപ്പിയും ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
ബാര്‍ കോഴക്കേസ് വിധിയെ സ്വാഗതം ചെയ്ത ജേക്കബ് തോമസിന്റേത് അച്ചടക്കലംഘനമാണെന്നായിരുന്നു ഡിജിപിയുടെ മുന്‍ നിലപാട്. സര്‍ക്കാരിനെയും മുഖ്യമന്ത്രിെയയും മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചെന്നാരോപിച്ചാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ജേക്കബ് തോമസിന് രണ്ട് വിശദീകരണ നോട്ടീസുകള്‍ നല്‍കിയത്. രണ്ടിനും ഒരു മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. സര്‍ക്കാര്‍ നയങ്ങളെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞ വാചകങ്ങള്‍ കൃത്യമായി ഓര്‍ക്കുന്നില്ലെന്നുമായിരുന്നു മറുപടി. ഈ മറുപടിയില്‍ ഡിജിപിയുടെ നിലപാട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. പക്ഷേ, സ്വന്തം അഭിപ്രായം രേഖപ്പെടുത്താതെ ഡിജിപി മറുപടി മടക്കിയയച്ചു.
ജേക്കബ് തോമസിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചാല്‍ അത് പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ആഭ്യന്തരവകുപ്പിന് പൊതുവികാരമുള്ളപ്പോഴാണ് ഡിജിപി പ്രത്യേക നിലപാട് സ്വീകരിക്കാത്തതെന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ചുള്ള ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കാന്‍ തീരുമാനമെടുത്തത്. അതിനാല്‍, തുടര്‍നടപടികള്‍ ഇനി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്.
Next Story

RELATED STORIES

Share it