Districts

ജേക്കബ് തോമസിനെ വിമര്‍ശിച്ച് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ പരോക്ഷ വിമര്‍ശനവുമായി പോലിസ് മേധാവി ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഷയത്തില്‍ ഉദ്യോഗസ്ഥരെ സര്‍വീസ് ചട്ടങ്ങള്‍ ഓര്‍മിപ്പിച്ചാണ് സെ ന്‍കുമാറിന്റെ പോസ്റ്റ്. 1968ലെ ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള ഭാഗമാണ് ഡിജിപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ളതാണ് ഡിജിപി ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെതിരായ ജേക്കബ് തോമസിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ സെന്‍കുമാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസിന്റെ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു വ്യക്തമാക്കിയ ഡിജിപി ടി പി സെന്‍കുമാര്‍ അദ്ദേഹത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട ജേക്കബ് തോമസ് കൈയില്‍ സൂക്ഷിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പ് ഉയര്‍ത്തിക്കാണിച്ച് ഇതുകൊണ്ട് വായ മൂടിക്കെട്ടാനാണ് ആഗ്രഹിക്കുന്നതെന്നും അതിനു കഴിയുന്നില്ലെന്നു പരിഹസിക്കുകയും ചെയ്തു.
നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് ഡിജിപി ജേക്കബ് തോമസിന് രണ്ടുതവണ ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബാര്‍ കോഴ കേസില്‍ വിധി വന്നപ്പോള്‍ സത്യം പുറത്തുവന്നുവെന്ന തരത്തില്‍ പ്രതികരിച്ചതിനും അഗ്നിശമന സേനാ മേധാവി സ്ഥാനത്തു നിന്നു മാറ്റിയതിനെതിരേ പ്രതികരിച്ചതിനുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, തനിക്ക് നോട്ടീസ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും തനിക്കെതിരേ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it