ജേക്കബ് തോമസിനെതിരേ വിമര്‍ശനവുമായി സെന്‍കുമാര്‍

കൊല്ലം: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍. കുറെ കാര്യങ്ങള്‍ പറഞ്ഞുനടന്നാല്‍ പോര; ജോലി ചെയ്യാന്‍ കൂടി പഠിക്കണമെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ജേക്കബ് തോമസിനെക്കുറിച്ച് പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ തനിക്കറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടുകളെ താന്‍ വിമര്‍ശിക്കുന്നത്. സ്വന്തം ജീവിതത്തില്‍ നടപ്പാക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് നടക്കുന്നത് ശരിയല്ല. മറ്റുള്ളവരെ കുറ്റംപറയുന്നതിന് മുമ്പ് അത് പറയാന്‍ താന്‍ യോഗ്യനാണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. തനിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് വേറൊരു നിയമം എന്നത് ശരിയല്ല. പോലിസിന്റെ നിയന്ത്രണങ്ങള്‍ മനസ്സിലാക്കണം. ഏത് പദവിയാണെങ്കിലും കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഒരുപാട് നാള്‍ പോലിസിന് പുറത്ത് ജോലി ചെയ്ത ശേഷമാണ് താന്‍ ഡിജിപി പദവിയിലെത്തിയത്. അന്നൊന്നും മന്ത്രിമാരെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ താന്‍ പോയിട്ടില്ല. ജോലി ചെയ്താണ് ജനങ്ങളെ സേവിക്കേണ്ടത്. എന്തും ചെയ്യാം എന്തും പറയാം എന്നുള്ള രീതി ശരിയല്ല. തനിക്ക് ജേക്കബ് തോമസിനോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
അതേസമയം, ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനം സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സിനെ ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിച്ച കാലം മുമ്പുണ്ടായിട്ടില്ല. വിജിലന്‍സ് വകുപ്പിന് നാഥനില്ല; നാല് ഡിജിപിമാരുണ്ടായിട്ടും ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ഭരണ രംഗത്ത് അരാജകത്വമാണെന്നും സര്‍ക്കാരിന് ഉദ്യോഗസ്ഥരില്‍ നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വിജിലന്‍സ് അന്വേഷണങ്ങള്‍ ഫലപ്രദമായി നടക്കുന്നില്ല. പ്രിലിമിനറി എന്‍ക്വയറി എന്ന സംവിധാനം വിജിലന്‍സിലില്ല. കോടതി ക്വിക്ക് വേരിഫിക്കേഷന് നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രി ബാബു രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിധി മറക്കരുതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജേക്കബ് തോമസിന് കാര്യങ്ങള്‍ പറയാം. പക്ഷേ അത് അദ്ദേഹത്തിന് അവകാശപ്പെട്ട വേദിയിലാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it