ജേക്കബ് തോമസിനെതിരേ കടുത്ത നടപടി വേണ്ടെന്ന് ആഭ്യന്തരവകുപ്പ്

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ കടുത്ത അച്ചടക്ക നടപടി വേണ്ടെന്ന് ആഭ്യന്തരവകുപ്പ്. തന്റെ നിലപാട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചു. ജേക്കബ് തോമസിനെതിരായി കടുത്ത നടപടിയെടുത്താല്‍ അത് ആഭ്യന്തരവകുപ്പിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിലപാട് മയപ്പെടുത്താന്‍ കാരണം. അച്ചടക്ക നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും എടുക്കുക. അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. അച്ചടക്ക നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. പത്രലേഖകര്‍ സ്വപ്‌നലോകത്താണ്. ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെത്തുടര്‍ന്നും ബാര്‍കോഴക്കേസിലെ വിധി വന്നതിനു പിന്നാലെയും ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം തേടിയത്. ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നു നീക്കിയതിനു പിന്നില്‍ ഫഌറ്റ് ഉടമകളുടെ സമ്മര്‍ദ്ദമായിരുന്നുവെന്നും ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചുവെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. അഴിമതിക്കെതിരേ പ്രതികരിച്ച ഒരു ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായാല്‍ അത് ആഭ്യന്തരവകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് പൊതുഅഭിപ്രായം. അതിനാല്‍, താക്കീതിനപ്പുറം കടുത്ത നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാനിടയില്ലെന്നാണ് സൂചന.
Next Story

RELATED STORIES

Share it