ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം; ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു പിന്നാലെ ജേക്കബ് ഗ്രൂപ്പിലും ഭിന്നത രൂക്ഷം. ആവശ്യപ്പെട്ട നാല് സീറ്റുകളില്‍ തീരുമാനമാവാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടിയെ അവഗണിച്ചതിനാല്‍ ഇനി യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോണി നെല്ലൂരിന്റെ നിലപാടിനെത്തുടര്‍ന്ന് യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇക്കുറി നാല് സീറ്റുകള്‍ വേണമെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യം.
2011ല്‍ അവസാന നിമിഷമാണ് പാര്‍ട്ടി മല്‍സരിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ ഏറ്റെടുത്ത ശേഷം അങ്കമാലി നല്‍കിയത്. അന്ന് അവിടെ മല്‍സരിക്കാന്‍ താന്‍ തയ്യാറായി. ഇപ്പോള്‍ അങ്കമാലി നല്‍കില്ലെന്നാണു വാര്‍ത്തകള്‍. ഇത് അംഗീകരിക്കാനാവില്ലെന്നും ന്യായമായ ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അങ്കമാലിയില്‍ തനിക്കു ജയസാധ്യതയില്ലെന്ന ചിലരുടെ ആരോപണം ജനങ്ങള്‍ വിലയിരുത്തട്ടെ. തന്റെ അതൃപ്തി മന്ത്രി അനൂപ് ജേക്കബ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. അങ്കമാലിയില്‍ നിന്ന് ഒഴിവാക്കി അനൂപിന് പിറവം നല്‍കാന്‍ ശ്രമമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പിറവത്തിന്റെ കാര്യത്തില്‍ പോലും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി.
അതേസമയം, ജോണി നെല്ലൂരിന്റെ നിലപാടില്‍ മന്ത്രി അനൂപ് ജേക്കബ് അതൃപ്തി അറിയിച്ചു. തന്നോട് ആലോചിക്കാതെയാണ് അദ്ദേഹം ഔഷധി ചെയര്‍മാന്‍സ്ഥാനം രാജിവച്ചതെന്നും മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഔഷധി ചെയര്‍മാന്‍സ്ഥാനത്തുനിന്നുള്ള രാജി വ്യക്തിപരമാണെന്നാണു ജോണി നെല്ലൂരിന്റെ മറുപടി.
Next Story

RELATED STORIES

Share it