ജെറ്റ് സന്തോഷ് വധം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജെറ്റ് സന്തോഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് വധശിക്ഷയും മറ്റ് അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശികളായ ഒന്നാംപ്രതി ജാക്കി എന്ന അനില്‍കുമാര്‍, ഏഴാംപ്രതി അമ്മയ്‌ക്കൊരു മകന്‍ സോജു എന്ന അജിത്കുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. പ്രാവ് ബിനു എന്ന ബിനുകുമാര്‍, സുര എന്ന സുരേഷ്‌കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശികളായ കൊച്ചുഷാജി എന്ന ഷാജി, ബിജുകുട്ടന്‍ എന്ന ബിജു, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു.
സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ കോടതി വെറുതെവിട്ടു. 11ാം പ്രതി ഷാജി ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരും ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. 2004 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. പുന്നശ്ശേരി ആശാരിക്കുടി വിളാകംവീട്ടില്‍ ജെറ്റ് സന്തോഷ് എന്ന സന്തോഷ്‌കുമാറിനോടു പ്രതികള്‍ക്കു മുന്‍വിരോധമുണ്ടായിരുന്നു. അഞ്ചാംപ്രതി സുരേഷ്‌കുമാറിന്റെ ഭാര്യയുമായി സന്തോഷിന് അവിഹിതബന്ധമുണ്ടെന്ന സംശയവും കൊലയ്ക്ക് കാരണമായി.
കരമനയിലെ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടുകയായിരുന്ന സന്തോഷിനെ പ്രതികള്‍ ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയി മലയിന്‍കീഴ് ആലംതറകോണം കോളനിയില്‍ വച്ച് കൈയും കാലും വെട്ടിമാറ്റി. പിന്നീടു വാളിയോട്ടുകോണം ചന്തയ്ക്കു സമീപം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് കേസ്. ആറു കഷണങ്ങളാക്കി വെട്ടിയ നിലയിലായിരുന്നു മൃതദേഹം.
വിചാരണയ്ക്കിടയില്‍ സന്തോഷിന്റെ മാതാവ് ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയിരുന്നു.എന്നാല്‍, സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. കേസിലെ മാപ്പുസാക്ഷി അടുത്തിടെ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഫോര്‍ട്ട് സിഐയായിരുന്ന ഇപ്പോഴത്തെ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി ടി എഫ് സേവ്യറും സംഘവുമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it