ജെയിംസ് ബോണ്ട് വിളയാടീടും നേരം

ജെയിംസ് ബോണ്ട് വിളയാടീടും നേരം
X
slug-a-bകഷ്ടി 400 കൊല്ലത്തിന്റെ മാത്രം ചരിത്രമുള്ള പുതിയകാല അമേരിക്കക്ക് ചരിത്രം എന്ന പ്രമേയം വല്ലാത്തൊരു മനോബാധയാണ്. മറ്റു ദേശങ്ങളിലെപോലെ ദീര്‍ഘ ചരിത്രത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന മിത്തും ഇതിഹാസവും നായക കഥാപാത്രങ്ങളുമൊന്നും അവര്‍ക്കില്ല. ഇതൊരു കലശലായ ദൗര്‍ലഭ്യമായി തോന്നുന്ന അമേരിക്കന്‍ സായിപ്പ് അതൊക്കെ കൃത്രിമമായി ഉണ്ടാക്കാന്‍ യത്‌നിച്ചുകൊണ്ടേയിരുന്നു- സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, അയേണ്‍മാന്‍... ആ പണി ഇന്നും തുടരുന്നു.
ഈ ജനുസ്സില്‍ ബ്രിട്ടിഷ് നോവലിസ്റ്റായ അയാന്‍ ഫ്‌ളെമിങ് തയ്യാര്‍ ചെയ്ത ഉരുപ്പടിയാണ് ജെയിംസ് ബോണ്ട്-007. ഹോളിവുഡ് പടങ്ങള്‍ വഴി ഈ ഏകാംഗസൈന്യം ലോകപ്രശസ്തനുമായി. ആയിരത്താണ്ടുകളുടെ ചരിത്രവും സംസ്‌കൃതിയുമൊക്കെയുള്ള ഇന്ത്യ പോലൊരു ദേശത്തിന് ഇമ്മാതിരി കൃത്രിമ ഉരുപ്പടികളുടെ ആവശ്യകത വാസ്തവത്തില്‍ ഉള്ളതല്ല. എന്നാല്‍, സിനിമ കയറി തലയ്ക്കു പിടിച്ച മാധ്യമങ്ങള്‍ അതൊക്കെ ഇറക്കുമതി ചെയ്ത് പൈങ്കിളിക്കഥയുണ്ടാക്കും. എന്നു കരുതി, മലയാളം ടിവി ചാനലുകള്‍ അന്തിച്ചര്‍ച്ചയ്ക്ക് മേജര്‍ രവി എന്ന സ്റ്റണ്ടുകാരനെ ഇറക്കുംപോലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവില്‍ ഒരു ജെയിംസ് ബോണ്ടിനെ നമ്മുടെ സര്‍ക്കാര്‍ കണ്ടാലോ?
ഏറ്റവും മിതമായി പറഞ്ഞാല്‍ ആ പൈങ്കിളി മനോഭാവത്തിന്റെ ദുരന്തങ്ങളിലൊന്നാണ് പത്താന്‍കോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അജിത് ഡോവല്‍ എന്ന രഹസ്യപ്പോലിസുകാരന്റെ ഹീറോ കളി തുടങ്ങുന്നത്. ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടറെന്ന റോളില്‍ ടിയാന്റെ ഏറ്റവും മികച്ച സംഭാവന, ഇന്ത്യന്‍ മുസ്‌ലിംകളെ അഞ്ചാംപത്തിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഓപറേഷനാണ്. ആഗോളതലത്തില്‍ സംജാതമായിക്കഴിഞ്ഞിരുന്ന ഇസ്‌ലാമോഫോബിയക്ക് അനുരൂപമായ ഒരിന്ത്യന്‍ പദ്ധതി. അതു വച്ചാണ് പിന്നെ പാകിസ്താന്‍ നയങ്ങളും കശ്മീര്‍ ഓപറേഷനും തൊട്ട് പാര്‍ലമെന്റ് ആക്രമണക്കേസ് വരെ പൊടിപൊടിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യന്‍ ചാരപ്പട തൊട്ട് സംസ്ഥാന പോലിസ് സേനകള്‍ വരെയുള്ള ഭരണകൂട സെറ്റപ്പിനു മൊത്തത്തിലൊരു മുസ്‌ലിം വിരുദ്ധ നാഡീസ്പന്ദനം സമ്മാനിക്കുന്ന സമീപനം അന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. ഡോവല്‍ പിന്നെ കശ്മീര്‍ തൊട്ട് മിസോ വരെ പല ജാതി ഓപറേഷനുകളുടെയും ചുക്കാന്‍ പിടിച്ചു. ഒന്നാം യുപിഎ കാലത്തും ചില്ലറ വേലയൊക്കെ എടുത്തെങ്കിലും ഇത്രകണ്ട് ശോഭിക്കാനായില്ല. പിന്നീട് ഈ കഥാപാത്രം പൊന്തിവരുന്നത് 2014ല്‍ മോദിയുടെ പ്രചണ്ഡപ്രചാരണത്തിനു പിന്നിലാണ്. സൈബര്‍ ലോകത്തെ പല പ്രചാരണസൂത്രങ്ങള്‍ക്കു പിന്നിലും ബുദ്ധികേന്ദ്രമെന്ന നിലയ്ക്ക്. നെഹ്‌റു കുടുംബത്തെ താറടിക്കുന്ന പദ്ധതിക്ക് ടിയാന്റെ സേവനങ്ങള്‍ അക്കാലത്ത് ഗണനീയമായിരുന്നു.
അതെന്തായാലും ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന പരിവേഷത്തിലാണ് മോദിസംഘം ഡോവലിനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അവരോധിച്ചത്. മാധ്യമങ്ങളിലെ ശിങ്കിടികള്‍ മുഖേന 007 പരിവേഷം ഇടയ്ക്കിടെ മിനുക്കാനും മറക്കാറില്ല. തന്റെ മന്ത്രിമാരേക്കാള്‍ മോദിക്കു വിശ്വാസം ഈ പാറാവുകാരനെയാണെന്ന സ്ഥിതി വരെയായി. അങ്ങനെയിരിക്കെയാണ് പത്താന്‍കോട്ട് എപ്പിസോഡ് ഉണ്ടാവുന്നത്.
പാകിസ്താനു വിളിപ്പാടകലെ മാത്രമുള്ള ഈ അതിര്‍ത്തിപ്പട്ടണത്തില്‍ ഭീകരപ്രവര്‍ത്തകര്‍ കടന്നിരിക്കുന്നുവെന്നും ഒരു വിധ്വംസക പ്രവര്‍ത്തനം നടക്കാന്‍ പോകുന്നെന്നും ഇന്റലിജന്‍സ് വിവരം ഡല്‍ഹിയിലേക്കു ചെല്ലുന്നു. സ്വാഭാവികമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുക്കാന്‍ കൈയിലെടുക്കുന്നു. എന്നാല്‍, ഒരു ചെറുകിട കൗണ്ടര്‍ ഓപറേഷന്‍ മാത്രമായി കര്‍ട്ടനിടുമായിരുന്ന സംഗതി ഒരു അന്തര്‍ദേശീയ കമ്പക്കെട്ടും ഏഴു ജീവന്‍ ബലി കൊടുത്ത ദേശീയ വീഴ്ചയുമായി വികസിപ്പിക്കാന്‍ നമ്മുടെ ജെയിംസ് ബോണ്ടിനു കഴിഞ്ഞു.
പത്താന്‍കോട്ട് എപ്പിസോഡില്‍ മുമ്പേറായി രഹസ്യാന്വേഷണവിവരം കിട്ടിയെന്നു പറയുന്നതിലാണ് ഈ ദുരന്തനാടകത്തിന്റെ തുടക്കം. ഒന്നാമത്, ചക്ക വീണു മുയല്‍ ചത്ത മാതിരിയുള്ള ഒന്നായിരുന്നു ടി വിവരം തന്നെ. ഭീകരര്‍ കാര്‍ തട്ടിയെടുത്തുവെന്നു പറയപ്പെടുന്ന ഒരു പോലിസ് സൂപ്രണ്ട് ഉണ്ടല്ലോ- സല്‍വീന്ദര്‍ സിങ്. ടിയാന്റെ ഫോണില്‍ നിന്ന് ഭീകരസംഘത്തില്‍പ്പെട്ട ഒരുവന്‍ തന്റെ അമ്മയ്ക്ക് ഒരവസാനവട്ട ഫോണ്‍കോള്‍ നടത്തിയതാണ് ഇന്റലിജന്‍സിനു കിട്ടിയ വിവരം. അതു കിട്ടിയപ്പോഴാണ് ദേശീയ സുരക്ഷാ സംവിധാനം അലര്‍ട്ടാവുന്നത്. ഒരു വേള, അങ്ങനെയൊരു മണ്ടത്തരം മറ്റവന്‍ കാട്ടിയിരുന്നില്ലെങ്കിലോ, പാക് സംഘം ഇന്ത്യന്‍ വ്യോമത്താവളത്തില്‍ കയറി പലതും കാട്ടുംവരെ നമ്മുടെ ബോണ്ടുമാര്‍ക്കു ഗോളം തിരിയുമായിരുന്നില്ല! പോട്ടെ, നോട്ടീസ് തന്നിട്ട് ഭീകരപ്രവര്‍ത്തനം നടത്താന്‍ ഇത് തച്ചോളി വീരഗാഥയല്ലല്ലോ.
പ്രശ്‌നം, തച്ചോളി ലൈനില്‍ നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നടത്തിയ ഓപറേഷനാണ്. ഫോണ്‍വിവരം കിട്ടിയതും ടിയാന്‍ പത്താന്‍കോട്ടെ സുരക്ഷയ്ക്കു സ്വന്തം 007 ബുദ്ധി വച്ച് നടപടി തുടങ്ങുന്നു. 150 എന്‍എസ്ജി കമാന്‍ഡോകളെ അവിടേക്കു പറത്തിവിടുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ വ്യോമത്താവളമാണല്ലോ സുരക്ഷാ പരിഗണനയില്‍ ഒന്നാമതാവേണ്ടത്. അതങ്ങനെയായില്ലെന്നു മാത്രമല്ല, ടി താവളത്തിന് ഇപ്പറയുന്ന സുരക്ഷാ-കൗണ്ടര്‍ ഓപറേഷനില്‍ സ്വാഭാവികമായി ലഭിക്കേണ്ട മുന്തിയ റോള്‍ കൊടുക്കുന്നുമില്ല.
രണ്ടു കാലാള്‍ ഡിവിഷനും രണ്ടു സായുധ ബ്രിഗേഡുമുള്ള 2000 ഏക്കര്‍ താവളത്തില്‍ അരലക്ഷത്തില്‍പരം സൈനികരുണ്ട്. അവിടെ നിന്നു സഹായത്തിനു നമ്മുടെ ജെയിംസ് ബോണ്ട് ആവശ്യപ്പെട്ടത് വെറും 50 പേരെ മാത്രം. താവളത്തിന്റെ സുരക്ഷയാകട്ടെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ തലയ്ക്കു വച്ചു. പെന്‍ഷനായ പട്ടാളക്കാരുടെ സംഘമാണിത്. അവരാണ് താവളത്തില്‍ പാറാവുപണി നടത്തിവരുന്നതും. ആത്മഹത്യാ സ്‌ക്വാഡുകളെ പോയിട്ട് സാദാ വിധ്വംസക സംഘങ്ങളെ പോലും നേരിടാനുള്ള ശീലമോ സജ്ജീകരണമോ ചൊടിയോ ഇല്ലാത്ത വൃദ്ധ ഗണം.
ഇനി പത്താന്‍കോട്ട് ഇറക്കിയ 150 എന്‍എസ്ജി കമാന്‍ഡോകളുടെ കാര്യമോ? ഇത്ര വിപുലമായ സൈനികത്താവളങ്ങള്‍ സംരക്ഷിക്കാന്‍ പരിശീലനം നേടിയവരല്ല കമാന്‍ഡോകള്‍. മാത്രമല്ല, അതിര്‍ത്തി കടന്നെത്തുന്ന സുസജ്ജമായ സൈനിക സംഘങ്ങളെ ഒഴിപ്പിക്കുന്നതില്‍ പരിചയവുമില്ല. അത്തരം ഓപറേഷന്‍ നടത്തി ശീലമുള്ള ഒരു കൂട്ടര്‍ പത്താന്‍കോട്ട് ഉണ്ടായിരുന്നു- കശ്മീരില്‍ ഓപറേഷന്‍ നടത്താറുള്ള കരസേനാ സംഘങ്ങള്‍. പക്ഷേ, ജെയിംസ് ബോണ്ട് അവരെയൊക്കെ കരയ്ക്കിരുത്തി. ഓപറേഷന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകരുതല്ലോ.
ഇനിയാണ് ദുരന്തത്തിലെ ഫലിതബിന്ദുക്കള്‍. കഴിഞ്ഞ ശനിയാഴ്ച പകല്‍ വ്യോമത്താവളത്തില്‍ വെടികലശല്‍ നടക്കുമ്പോള്‍ തന്നെ ജെയിംസ് ബോണ്ടിന്റെ കിരീടത്തില്‍ തൂവലുകള്‍ തിരുകാന്‍ മാധ്യമശിങ്കിടികളും പഴയ സഹപ്രവര്‍ത്തകരും തൊട്ട് ഹിന്ദുത്വ ബ്രിഗേഡ് വരെ സൈബര്‍ ലോകത്ത് കലാപരിപാടികള്‍ പൊടിപൊടിക്കുകയായിരുന്നു.
'ബ്രില്യന്റ് സിനര്‍ജി' എന്നാണ് ഓപറേഷന്‍ തുടങ്ങുംമുമ്പേതന്നെ പലരുടെയും ട്വീറ്റ്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഓപറേഷന്‍ വിജയത്തിന്റെ ആഘോഷം ട്വീറ്റുകയായി. എന്നിട്ട് ഡല്‍ഹിയില്‍ നിന്നു ടിയാന്‍ നേരെ അസമിലേക്കു വിട്ടു. രാത്രി 9നു ഗോവക്കാരനായ പ്രതിരോധമന്ത്രി ഗോവയില്‍ തന്നെ ഇരുന്ന് സമാന ട്വീറ്റിറക്കുന്നു. രാത്രി 10നു സാക്ഷാല്‍ പ്രധാനമന്ത്രിയും. ശനിയാഴ്ച രാത്രി വിജയാഹ്ലാദചിത്തരായി സകലരും പള്ളിയുറക്കത്തിനു പോയി.
പിറ്റേന്നു കാലത്ത് പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ വെടിശബ്ദം കേട്ടപ്പോള്‍ മാത്രമാണ് ദേശീയ സുരക്ഷയും ജെയിംസ് ബോണ്ട് പടവും തമ്മിലുള്ള വ്യത്യാസം രാജ്യത്തെ ആളുകള്‍ക്കു പിടികിട്ടിത്തുടങ്ങുന്നത്. തലേന്നു രാത്രി വിജയാഘോഷം ട്വീറ്റു ചെയ്ത ദേശീയ പുംഗവന്‍മാര്‍ തലയില്‍ മുണ്ടിട്ടു. ബോണ്ടിന്റെ പൊടി പോലും കാണാനുണ്ടായതുമില്ല. പകരം ആഭ്യന്തര സെക്രട്ടറിയെ രംഗത്തിറക്കി. ടിയാന്‍ ഉവാച: 'ഇതൊരു സുരക്ഷാവീഴ്ചയല്ല. ആയുധങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ചില പരിക്കുകളൊക്കെ നമ്മുടെ ഭാഗത്തുണ്ടാവാം.'
അപ്പോള്‍ അതാണ് കാര്യം. ഇന്നലെ വരെ ഭീകരപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചിരുന്നത് ആലവട്ടം, വെണ്‍ചാമരം, മയില്‍പ്പീലി ഇത്യാദി ഉപകരണങ്ങളായിരുന്നു. പത്താന്‍കോട്ടാണ് ആദ്യമായി മറ്റു ചില ആയുധങ്ങള്‍ ഉപയോഗിച്ചത്. ഭീകരപ്രവര്‍ത്തകര്‍ അക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നുമില്ല എന്നിരിക്കെ, ധര്‍മയുദ്ധം മാത്രം ശീലിച്ച ഭാരതീയ മസ്തിഷ്‌കങ്ങള്‍ ഈ ചതിയില്‍ എന്തു ചെയ്യാന്‍?
ഈ നാടകങ്ങള്‍ക്കിടെ മറ്റൊന്നുകൂടി സംഭവിച്ചു. ജെയിംസ് ബോണ്ട് സംഘം പറയും മാതിരിയല്ല പത്താന്‍കോട്ടെ യാഥാര്‍ഥ്യങ്ങള്‍ എന്നു വിളിച്ചുപറഞ്ഞ എന്‍ഡിടിവി ചാനലിനെ രാജ്യദ്രോഹികളാക്കിക്കൊണ്ട് ബോണ്ടിന്റെ ഫാന്‍സ് അസോസിയേഷന്‍ രംഗത്തിറങ്ങുന്നു. പിന്നെ പത്താന്‍കോട്ടിനെ വെല്ലുന്ന അങ്കക്കലി സൈബര്‍തട്ടില്‍. ഏതായാലും 007ന്റെ തട്ടുതകര്‍പ്പന്‍ പ്രകടനത്തില്‍പ്പെട്ട് ആറു ജീവന്‍ പോയിക്കിട്ടിയത് മുമ്പു പറഞ്ഞ പെന്‍ഷനായ പട്ടാളക്കാരുടെ പാറാവുസംഘത്തിന്. ഏഴാമത്തേതാണ് മലയാളിയായ നിരഞ്ജന്റേത്. വെടിയേറ്റു വീഴുന്ന പ്രതിയോഗികളുടെ പക്കലുള്ള ഗ്രനേഡും ബോംബുമൊക്കെ നിര്‍വീര്യമാക്കുന്ന ദൗത്യത്തിനിടയിലായിരുന്നു ആ ദുരന്തം. സത്യത്തില്‍ ഈ ദുരന്തത്തിനും ബോണ്ടിന്റെ ക്രെഡിറ്റ് മോഹമാണ് ഉത്തരം പറയേണ്ടത്.
ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നാണ് കേന്ദ്ര ഭരണകക്ഷിയുടെ ഉച്ചഭാഷിണികള്‍ ഗര്‍ജിക്കുന്നത്. പകരം ജെയിംസ് ബോണ്ടിനെ വിളിക്കൂ, വടക്കന്‍ വീരഗാഥകള്‍ പാടി ടിയാന് ആവേശം പകരൂ. അതാണ് ഉത്തമ ദേശാഭിമാനികളുടെ ഉത്തരവാദിത്തം.
Next Story

RELATED STORIES

Share it