malappuram local

ജെഡിടി ഹസ്സന്‍ ഹാജിയുടെ പ്രസംഗങ്ങള്‍ ഇനി പുസ്തകരൂപത്തില്‍

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കോഴിക്കോട് ജെഡിടി ഇസ്‌ലാം ഓര്‍ഫനേജിന്റെ അമരക്കാരനായിരുന്ന കെ പി ഹസ്സന്‍ ഹാജി കാംപസില്‍ പലപ്പോഴായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ നീണ്ട ഇരുപതുവര്‍ഷത്തിനുശേഷം പുസ്തകമാവുന്നു. ജെഡിടിയിലെ മുന്‍ വിദ്യാര്‍ഥിയും ജീവനക്കാരനുമായിരുന്ന കാളികാവ് അമ്പലക്കടവ് വി പി ഫസിലുദ്ദീനാണ് കുറിപ്പുകള്‍ ക്രോഡീകരിക്കുന്നത്. പെരിന്തല്‍മണ്ണ കോടതിയിലെ ജീവനക്കാരനാണ് വി പി ഫസിലുദ്ദീന്‍. 1955 മുതല്‍ ഹസ്സന്‍ ഹാജി കാംപസില്‍ വിദ്യാര്‍ഥികളോടും ജീവനക്കാരോടും പങ്കുവച്ച കാഴ്ചപാടുകളും പ്രസംഗങ്ങളും എഴുതിയ കുറിപ്പുകളാണ് പുസ്തകമാക്കുക. 1995ല്‍ ബിരുദപരീക്ഷയ്ക്ക് ശേഷം ജോലിയോടൊപ്പം പഠനമെന്ന ഉദ്ദേശ്യത്തില്‍ കേണല്‍ ഇ പി എ റഹ്മാന്റെ നിര്‍ദേശത്തിലാണ് ജെഡിടിയില്‍ ക്ലാര്‍ക്കായി ഫസിലുദ്ദീന്‍ നിയമിതനായത്. അക്കാലത്ത് സുബഹി നമസ്‌കാരത്തിനുശേഷം ഹസ്സന്‍ ഹാജി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രചോദനം നല്‍കുന്നതിനായി അല്‍പസമയം പ്രസംഗിക്കാറുണ്ടായിരുന്നു. അന്നത്തെ കൗതുകത്തിന് അദ്ദേഹത്തിന്റെ അനുമതിയോടെ പ്രസംഗങ്ങള്‍ ഒന്നൊന്നായി എഴുതിത്തുടങ്ങി. ആദ്യം തുണ്ടുപേപ്പറിലും പിന്നീട് ഡയറിയിലുമാക്കി. ഇതിനിടയ്ക്ക് കോളജിന്റെ മാഗസിന്‍ ഇറക്കുന്ന സമയം പ്രസംഗത്തിന്റെ ഒരുഭാഗം അതില്‍ ഉള്‍പ്പെടുത്തി.
ഇത് അദ്ദേഹത്തിനു വലിയ സന്തോഷം നല്‍കി. വരും ദിവസങ്ങളില്‍ പ്രസംഗമെഴുതാന്‍ തന്നെ നിയോഗിച്ചിരുന്നതായും ഫസിലുദ്ദീന്‍ പറഞ്ഞു. 2006 ഡിസംബര്‍ 12ന് അദ്ദേഹത്തിന്റെ മരണം വരെ പ്രഭാഷണങ്ങള്‍ എഴുതിപ്പോന്നു. മരണ ശേഷം പ്രസംഗങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യം ഉയര്‍ന്നെങ്കിലും പലകാരണങ്ങളാല്‍ ഇത് വെളിച്ചം കാണാനായില്ലെന്നു ഫസിലുദ്ദീന്‍ പറഞ്ഞു.
നിരവധി നിര്‍ദേശങ്ങളും അനുഭവക്കുറിപ്പുകളും മാര്‍ഗ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഇരുപതോളം പ്രസംഗങ്ങള്‍ പുതുതലമുറയ്ക്ക് എന്നും പ്രചോദനമാവുന്നവയാണെന്ന തിരിച്ചറിവാണു ജെഡിടി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പുസ്തകമാക്കാന്‍ കാരണം. അനാഥരുടെ സംരക്ഷണം ജീവിത തപസ്യയാക്കിയ അദ്ദേഹത്തിന്റെ ലഘുപ്രസംഗങ്ങള്‍ 1921 മുതലുള്ള സമൂഹത്തിന്റെ മുന്നേറ്റങ്ങളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളിച്ചാണ്. തികഞ്ഞ മതവിശ്വാസിയായ അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികള്‍ മറി കടന്നതിന്റെ പ്രവര്‍ത്തന രീതികളും ജീവിത പശ്ചാത്തലങ്ങളും പ്രസംഗത്തില്‍ വരച്ചു കാണിക്കുന്നുണ്ട്.
ജെഡിടിയുടെ ചരിത്രത്തില്‍ ഹസ്സന്‍ ഹാജിയുടെ പ്രസംഗങ്ങള്‍ മുതല്‍ക്കൂട്ടാവുന്ന പ്രസിദ്ധീകരണമായേക്കുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it