ജെഎന്‍യു വിവാദം; ഇടതു നേതാക്കള്‍  രാജ്‌നാഥിനെ കണ്ടു

ന്യൂഡല്‍ഹി: അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെതുടര്‍ന്ന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇടത്-ജെഡിയു നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചു. കനയ്യ കുമാറിനെയ ടക്കം നിരപരാധികളായ വിദ്യാര്‍ഥികളെ ഉടനെ വിട്ടയക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്തവര്‍ യൂനിയന്‍ നേതാക്കളാണെന്നും അവര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നത് പോലിസിന്റെ നുണയാണെന്നും നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലാ വിസിമാരേയും തല്‍സ്ഥാനത്തുനിന്നു നീക്കുകയും അവിടെ ബിജെപി അനുകൂലികളെ സ്ഥാപിക്കുകയും ചെയ്യുകയാണ്. ഇത്തരം വിസിമാര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇഷ്ടക്കാരെ സ്ഥാപിച്ച്, തങ്ങള്‍ക്കെതിരായ നീക്കങ്ങളെ തടയാനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് ജെഎന്‍യുവിലും സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാരോപിച്ച് പോലിസ് അവതരിപ്പിക്കുന്ന വീഡിയോദൃശ്യത്തിന്റെ ആധികാരികത നേതാക്കള്‍ ചോദ്യംചെയ്തു. വീഡിയോയിലുള്ളവര്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ ആണോ എന്നതുതന്നെ സംശയമാണെന്നും അവര്‍ പറഞ്ഞു.
സിപിഐ എംപി ഡി രാജയുടെ മകളടക്കം 20 വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പോലിസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. യെച്ചൂരി, ഡി രാജ, ജെഡിയു നേതാവ് കെ സി ത്യാഗി എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്.ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നുവെന്നും ഇതിനാല്‍ സര്‍വകലാശാല അനുവദിച്ച ബിരുദങ്ങള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിമുക്ത ഭടന്മാര്‍ രംഗത്തെത്തി.
Next Story

RELATED STORIES

Share it