ജെഎന്‍യു : വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടി പുനപ്പരിശോധിക്കണമെന്ന് അധ്യാപകര്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫെബ്രുവരിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ കടുത്ത അച്ചടക്കനടപടി സ്വീകരിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരേ പ്രഫസര്‍ എമിററ്റസുമാര്‍ (വിരമിച്ചശേഷവും അക്കാദമിക മികവ് മൂലം അധ്യാപനം തുടരുന്ന മുതിര്‍ന്ന പ്രഫസര്‍മാര്‍).
വിദ്യാര്‍ഥികള്‍ക്കെതിരേ പ്രഖ്യാപിച്ച അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നും കാംപസില്‍ പുറത്തുനിന്നുള്ള പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവു പിന്‍വലിക്കണമെന്നും പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍, ഹിന്ദി ഗ്രന്ഥകര്‍ത്താവ് നംവാര്‍ സിങ്, ഡല്‍ഹി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ദീപക് നയ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
എമിററ്റസ് പ്രഫസര്‍മാര്‍ എന്ന നിലയില്‍ സര്‍വകലാശാലയിലെ സംഭവവികാസങ്ങളില്‍ അതിയായ അസ്വസ്ഥത ഉണ്ടെന്ന് കത്തു പറയുന്നു.
ഫെബ്രുവരി ഒമ്പതിന് പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ പിഴയും സസ്‌പെന്‍ഷനും ചുമത്തി നിലവിലെ സര്‍വകലാശാലാ ഭരണകൂടം സ്വതന്ത്രമായ ചര്‍ച്ചകളെ അടിച്ചമര്‍ത്തുകയാണെന്ന് അധ്യാപകര്‍ പറഞ്ഞു. ഈ വിദ്യാര്‍ഥികള്‍ നിലവില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കത്ത് ഓര്‍മിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതിലും പുറമെ നിന്നുള്ളവരെ കാംപസില്‍ പ്രവേശിക്കുന്നതു വിലക്കിയതിലും പ്രതിഷേധിക്കുന്നതായി കത്തില്‍ പറയുന്നു. അനാവശ്യമായ ഈ രണ്ട് തീരുമാനങ്ങളും അധികൃതര്‍ പുനപ്പരിശോധിക്കണമെന്നും ജെഎന്‍യുവിലെ അംഗീകൃത കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളും അധ്യാപകരും ഉയര്‍ത്തുന്ന വിഷയങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ചചെയ്യാന്‍ പറ്റുന്ന ഇടമാണെന്നും ജെഎന്‍യു എന്നും സെമിനാറുകളിലും മറ്റ് അനൗപചാരിക കൂടിച്ചേരലുകളിലും അത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍വകലാശാലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ആള്‍ക്കാരെ ക്ഷണിക്കാറുണ്ടെന്നും കത്തു ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികള്‍ക്കെതിരായ കടുത്ത അച്ചടക്ക നടപടി തള്ളിയ കാംപസിലെ വിദ്യാര്‍ഥി, അധ്യാപക യൂനിയനുകള്‍ നിരാഹാര സമരത്തിലാണ്. ഇന്നലെ അക്കാദമിക കൗണ്‍സില്‍ യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തങ്ങളുടെ സമരം ശക്തിപ്പെടുത്തി.
വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍, ജനറല്‍ സെക്രട്ടറി രാമനാഗ എന്നിവര്‍ കൗണ്‍സില്‍ നടക്കുന്ന ഹാളില്‍ കയറി പ്രതിഷേധ സൂചകമായി വൈസ് ചാന്‍സലര്‍ക്ക് പൂക്കളും പഴങ്ങളും നല്‍കി.
Next Story

RELATED STORIES

Share it