ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ; ഡല്‍ഹിയില്‍ ആയിരങ്ങള്‍  പങ്കെടുത്ത റാലി

ന്യൂഡല്‍ഹി: ജെഎന്‍യുവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേയും കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡല്‍ഹിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. ജെഎന്‍യു വിദ്യാര്‍ഥികളെ കൂടാതെ അധ്യാപകരും വിരമിച്ച അധ്യാപകരും മറ്റു സര്‍വകലാശാലകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. അഭിഭാഷകരുടെ ഒരു സംഘവും മാധ്യമ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.
ദേശവിരുദ്ധരെന്ന ആരോപണത്തിന് മറുപടിയെന്നോണം ദേശീയ പതാക വീശിയായിരുന്നു പ്രതിഷേധക്കാര്‍ പരിപാടിയില്‍ പങ്കെടുത്തത്.
ജെഎന്‍യുവിനൊപ്പം നില്‍ക്കുന്നു എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പലരുടെയും കൈയില്‍ റോസാ പുഷ്പവും കാണാമായിരുന്നു. സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
പ്രതിഷേധക്കാര്‍ വ്യത്യസ്തമായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് റാലിയില്‍ പങ്കെടുത്തത്. ജെഎന്‍യുവിനൊപ്പം നില്‍ക്കുന്നു എന്ന പ്ലക്കാര്‍ഡ് വ്യാപകമായി കാണാമായിരുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനും പാക് അനുകൂല ഭീകരവാദി എന്ന് വരെ ആരോപണം നേരിടേണ്ടി വന്ന മറ്റൊരു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും അനുകൂലമായ പ്ലക്കാര്‍ഡുകളും കൂടുതലായി കാണാമായിരുന്നു.
ജെഎന്‍യുവിനെതിരായ ഫാസിസ്റ്റ് അക്രമണത്തെ തോല്‍പിക്കുക, ആര്‍എസ്എസ് ആണ് ഇന്ത്യയെങ്കില്‍ ഞാന്‍ ദേശവിരുദ്ധനാണ്, രാജ്യദ്രോഹനിയമം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു നിന്നു.
Next Story

RELATED STORIES

Share it