ജെഎന്‍യു: രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍

ന്യൂഡല്‍ഹി: ജെഎന്‍യു പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും പോലിസിന്റെയും നടപടികളെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍. സംഭവത്തി ല്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആദ്യമായി പ്രതികരിച്ചത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ ആഞ്ഞടിച്ചുകൊണ്ടായിരുന്നു.
രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന രാഹുല്‍ഗാന്ധി രാജ്യത്തെ വിഭജനത്തിലേക്കു നയിക്കുകയാണോ എന്നതായിരുന്നു അമിത്ഷായുടെ ചോദ്യം. രാഹുല്‍ഗാന്ധിയോടും സോണിയാഗാന്ധിയോടും മറ്റു ചില ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അതിനു മറുപടിയായി ഭിന്നതയും അസഹിഷ്ണുതയും വളര്‍ത്തുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് രാഹുല്‍ഗാന്ധി മറുപടി പറഞ്ഞു.
അസമിലെ സോണിത്പൂര്‍ ജില്ലയില്‍ നടന്ന ഒരു യോഗത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഥുറാം ഗോദ്‌സെയുടെ പിന്‍മുറക്കാരാണ് രാജ്യസ്‌നേഹത്തിനും ദേശഭക്തിക്കും പുതിയ നിര്‍വചനങ്ങള്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല മാധ്യമങ്ങളോടു പറഞ്ഞു.ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും രാജ്യത്തെ സര്‍വകലാശാലകളില്‍ തങ്ങളുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണെന്നും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ജെഎന്‍യുവിനെ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹ സ്ഥാപനമായി ചിത്രീകരിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി.
ജെഎന്‍യുവിന്റെ ഉന്നത പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് പറഞ്ഞു. മോദി സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശത്തിനുമേല്‍ കടന്നുകയറ്റം നടത്തുകയാണെന്ന് ആര്‍ജെഡി നേതാവ് മുഹമ്മദലി അഷ്‌റഫ് ഫാത്മി ആരോപിച്ചു. അതേസമയം, ഗൂഢാലോചനയുടെ ഫലമാണ് ജെഎന്‍യു സംഭവത്തിനു കാരണമെന്നാണ് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസാബാലെ അഭിപ്രായപ്പെട്ടത്.
ജെഎന്‍യു പ്രശ്‌നത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെയും മറ്റു വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തുല്യമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it