Movies

ജെഎന്‍യു; മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേ സംവിധായകന്‍ വിനയന്‍

ജെഎന്‍യു;  മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേ സംവിധായകന്‍ വിനയന്‍
X
lal

തിരുവനന്തപുരം; ജെഎന്‍യു വിദ്യാര്‍ത്ഥികളെ മോശമായി പറഞ്ഞ നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേ സംവിധായകന്‍ വിനയന്‍ രംഗത്ത്. മോഹന്‍ലാലിന്റെ ബ്ലോഗ് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ കഴിയു എന്ന് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജെഎന്‍യു വിവാദത്തിലെ കള്ളത്തരങ്ങള്‍ മാധ്യമങ്ങളിലൂടെ നാം കാണുന്നു.എന്നിട്ടും അതിനെ പിന്തുണച്ച് ചര്‍ച്ചകളും കോലാഹലങ്ങളും ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും വിനയന്‍ പറയുന്നു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അതു തന്നെയാണ്‍ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി.


നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്‌നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.

ബഹുമാന്യനായ ശ്രീ മോഹന്‍ലാല്‍ ഇന്നലെ ബ്ലോഗിലെഴുതിയതു വായിച്ചപ്പോഴും എനിക്കീ സംശയമുണ്ടായി. നമ്മുടെ ധീര ജവാന്മാര്‍ മാതൃരാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ നമ്മള്‍ അവരെ ഹൃദയത്തിലേറ്റുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കരയുകയും ഒക്കെ ചെയ്യും  അതു നമ്മുടെ അവകാശവും കടമയുമാണ്.


പക്ഷേ നമ്മുടെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥികളെ പോലും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അതു തെറ്റായി പോയി എന്ന ശബ്ദം ഇന്ത്യയൊട്ടാകെ അലയടിച്ചു. അതില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം നമ്മുടെ മീഡിയകള്‍ പ്രതികരിച്ചു. ആ ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു.

അതിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് 'ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം ' എന്നു ശ്രീ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളു.


ഇന്ത്യയെ ഇനിയൊരു വിഭജനത്തിലേക്കു പോലും തള്ളിവിടുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനം അനുവദിച്ചുകൂടാ. നമ്മുടെ ജവാന്മാര്‍ ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ഇന്ത്യ വര്‍ഗ്ഗീയതയുടെ പേരു പറഞ്ഞ് ചിലര്‍ നശിപ്പിച്ചാല്‍ അതാ ജവാന്മാരുടെ ആത്മാവിനോടു പോലും ചെയ്യുന്ന തെറ്റാകും.

മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണം. അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെ തുടങ്ങുന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളുമായി രംഗത്തെത്തിയത്.

രാജ്യസ്‌നേഹം എന്നതിനെക്കുറിച്ചു പറഞ്ഞ് വൃത്തികെട്ട രീതിയില്‍ തല്ലുകൂടുന്നതില്‍പ്പരം നാണംകെട്ട മറ്റെന്തുണ്ട് ഭൂമിയിലെന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ ചോദിക്കുന്നത്.

vinayan

മോഹന്‍ലാലിന്റെ ബ്ലോഗ്

മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്തുമണി വരെ സസുഖം കിടന്നുറങ്ങുന്നവരാണ്, സര്‍വകലാശാലകളിലും ഓഫിസിലും പൊതുസ്ഥലങ്ങളിലും ചെന്ന് സമരം നടത്തുകയും കല്ലെറിയുകയും പട്ടാളത്തെ തെറി പറയുകയും രാജ്യദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കുകയും ചെയ്യുന്നതെന്നും മോഹന്‍ലാല്‍ വാദിക്കുന്നു. പട്ടാളക്കാരുടെ കീറിമുറിഞ്ഞ ആത്മാവിനു തീയിട്ടുകൊണ്ടാണ് നാം കുളിരുകായുന്നതെന്നും ഓരോ ദിവസവും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തില്‍ ചവിട്ടിനിന്നാണ് നാം സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും നൃത്തമാടുന്നതെന്നും പറയുന്ന മോഹന്‍ലാല്‍ ഈ മഹാപാപത്തിന് കാലം മാപ്പുതരുമോയെന്നും ചോദിക്കുന്നു. രാജ്യം എന്നത് നാം ചവിട്ടിനില്‍ക്കുന്ന മണ്ണും ആകാശവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവുമാണ്. നാമെല്ലാം അതിന്റെ കാവല്‍ക്കാരാണ്. അതു കൈവെടിഞ്ഞാല്‍ നാം ബുദ്ധിജീവികളാവുമായിരിക്കാം. പക്ഷേ, നല്ല മക്കളാവില്ല. കുട്ടികളെ അയക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വകലാശാലകളിലേക്ക് ആയിരിക്കണം. അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാതെ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചു ചിന്തിക്കണമെന്നും മോഹന്‍ലാലില്‍ ബ്ലോഗില്‍ കുറിക്കുന്നു. ഇന്ത്യ ജിവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങനെ, ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജിവിച്ചിട്ട് എന്തുകാര്യം എന്നു പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it