ജെഎന്‍യു: ഇടതു മതേതര കക്ഷികള്‍ ദേശവ്യാപകമായി പ്രചാരണത്തിന്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രചാരണം സംഘടിപ്പിക്കും. ഡല്‍ഹിയിലെ എകെജി ഭവനില്‍ ചേര്‍ന്ന ഇടതുപക്ഷ കക്ഷികളുടെ നേതൃയോഗത്തിലാണ് തീരുമാനം.
ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘപരിവാര ശക്തികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാണിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിഷയം ഇടതു എംപിമാര്‍ പാര്‍ലമെന്റിലും ഉന്നയിക്കും. പ്രതിഷേധത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍ക്കൊള്ളിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ജെഎന്‍യു വിഷയത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാമെന്ന് ജെഡിയു അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കനായി കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വന്തം അജണ്ട നടപ്പാക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ജെഎന്‍യുവിനെതിരായ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍.
പുനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ചെന്നൈ ഐഐടി എന്നിവിടങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളും ഇപ്പോള്‍ കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയ്‌ക്കെതിരായ നീക്കങ്ങളും ഇതിനു തെളിവാണ്. ഇതെല്ലാം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. അടുത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങള്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നല്ല സ്വാധീനമുള്ളവയാണ്. അതിനാല്‍ ഇടതുകക്ഷികള്‍ക്കെതിരേ ആര്‍എസ്എസ് ആസൂത്രണം ചെയ്ത നാടകങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട നരേന്ദ്രമോദി സര്‍ക്കാരിനു ഭരണപരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഇത്തരം നാടകങ്ങള്‍ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കനയ്യകുമാറിനെ നിരുപാധികം വിട്ടയക്കുക, വിദ്യാര്‍ഥികള്‍ക്കുനേരെ ചുമത്തിയ എല്ലാ രാജ്യദ്രോഹക്കുറ്റങ്ങളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന റിപോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കനയ്യക്കെതിരേ വ്യാജ വീഡിയോ സൃഷ്ടിച്ചവരെ അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള (സിപിഎം), സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഡി രാജ (സിപിഐ), സ്വപന്‍ മുഖര്‍ജി (സിപിഐ എംഎല്‍ലിബറേഷന്‍), അബനി റോയി (ആര്‍എസ്പി), പ്രാണ്‍ ശര്‍മ (എസ്‌യുസിഐ കമ്യൂണിസ്റ്റ്), ദേബബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
യോഗ തീരുമാനപ്രകാരം ഇന്നലെ വൈകീട്ട് ഇടതുകക്ഷികളുടെയും ജെഡിയു, എന്‍സിപി, ആര്‍ജെഡി പാര്‍ട്ടികളുടെയും നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു.
Next Story

RELATED STORIES

Share it