ജെഎന്‍യുവില്‍ നടന്നത് രാജ്യദ്രോഹമല്ല: ചിദംബരം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ രാജ്യദ്രോഹം ചുമത്താന്‍ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.
മാവോവാദി മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥികളുണ്ടാവാം. എന്നാല്‍ അക്രമത്തിന് ആഹ്വാനം ചെയ്യാത്തിടത്തോളം അത് രാജ്യദ്രോഹമാവുന്നില്ല. പാകിസ്താന്‍ സിന്ദാബാദ് മുതലായ മുദ്രാവാക്യങ്ങള്‍ കശ്മീരില്‍ എല്ലാ ദിവസവും കോള്‍ക്കാം. ഖലിസ്ഥാന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ പഞ്ചാബില്‍ ഏതാണ്ട് എല്ലാ ആഴ്ചയും കേള്‍ക്കാം. എല്‍ടിടിഇയെ പുകഴ്ത്തുകയും രാജീവ് ഗാന്ധിയെ കൊന്ന എല്‍ടിടിഇ പ്രവര്‍ത്തകരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നവര്‍ തമിഴ്‌നാട്ടിലുണ്ട്.
ഇതില്‍ ചിലത് അംഗീകരിക്കാനാവാത്തതും ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ ഇത് രാജ്യദ്രോഹം ചുമത്താന്‍ മാത്രം കുറ്റകരമാണോ? ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം ചോദിക്കുന്നു. ജെഎന്‍യുവില്‍ വിവാദ പരിപാടി നടന്ന ദിവസം കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തിലും രാജ്യദ്രോഹം പോയിട്ട് ഒരു കുറ്റവും ചുമത്താനുള്ള തെറ്റ് താന്‍ കാണുന്നില്ലെന്നും ചിദംബരം പറഞ്ഞു.
ബിജെപിയും അനുബന്ധ പാര്‍ട്ടികളും ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കുകയാണെന്നും ജെഎന്‍യു, രോഹിത് വെമുലയുടെ ആത്മഹത്യ, അഖ്‌ലാക്കിനെ മര്‍ദ്ദിച്ച് കൊന്നത് തുടങ്ങിയ വിഷയങ്ങളെ കൈകാര്യം ചെയ്ത രീതി ഇതാണ് വ്യക്തമാക്കുന്നതെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ മുസ്‌ലിംകളില്‍ ഭയവും സുരക്ഷിതത്വമില്ലായ്മയും ഉണ്ടെന്ന് പറഞ്ഞ ചിദംബരം, ഈ പ്രശ്‌നങ്ങള്‍ കൂടി കശ്മീരിലെ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
മോദി സര്‍ക്കാരിനുള്ളത് പോലെ ഭൂരിപക്ഷമുള്ള സര്‍ക്കാരില്‍ താന്‍ ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ വിവാദ നിയമമായ അഫ്‌സ്പ പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയെങ്കിലും ചെയ്യുമായിരുന്നെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചിദംബരം പറഞ്ഞു.
Next Story

RELATED STORIES

Share it