ജെഎന്‍യുവിന് രാജ്യദ്രോഹ മുദ്ര കുത്തരുത്: അധ്യാപകര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു)യെ രാജ്യദ്രോഹ സ്ഥാപനമായി ചിത്രീകരിക്കരുതെന്ന് അധ്യാപകര്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സര്‍വകലാശാല കാംപസില്‍ നടന്ന ചടങ്ങ് വിവാദമായതിനെത്തുടര്‍ന്നാണ് അധ്യാപകരുടെ അഭ്യര്‍ഥന. സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും സ്വയംഭരണസംവിധാനം അടിയറ വച്ചുവെന്നും അധ്യാപകര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഇവിടെ അധ്യാപനം നടത്തുന്നവരാണ് തങ്ങള്‍. എന്താണ് ജെഎന്‍യു എന്നത് നല്ലപോലെ അറിയാം. ഒരു സാമൂഹികശാസ്ത്ര പ്രഫസര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് സര്‍വകലാശാലയും പോലിസും ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മജിസ്‌ട്രേറ്റും അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണ റിപോര്‍ട്ട് വരുന്നതു വരെ കാത്തിരുന്നുകൂടെ? ഭീകരരുടെ കേന്ദ്രമായി സര്‍വകലാശാലയെ വിശേഷിപ്പിക്കുന്നതെന്തിനാണ്. ഭാഷാ ശാസ്ത്രവകുപ്പിലെ മറ്റൊരു പ്രഫസര്‍ ചോദിച്ചു. ദേശദ്രോഹ കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് അധ്യാപകര്‍ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെന്തെങ്കിലും തെറ്റു ചെയ്താല്‍ അത് അച്ചടക്കലംഘന വിഷയം മാത്രമാണ്. അതൊരിക്കലും രാജ്യദ്രോഹമാവുകയില്ല- അധ്യാപകര്‍ പറഞ്ഞു.
അതിനിടെ, തന്റെ മകള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ സിപിഐ നേതാവ് ഡി രാജ നിഷേധിച്ചു. പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത വിദ്യാര്‍ഥികളില്‍ രാജയുടെ മകളും പെടുന്നു.
Next Story

RELATED STORIES

Share it