ജെഎന്‍യുവിനെ വീണ്ടും സര്‍ക്കാര്‍ വരിഞ്ഞുമുറുക്കുന്നു: 21 അധ്യാപകര്‍ പോലിസ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കു പിന്നാലെ ജെഎന്‍യുവിലെ അധ്യാപകരും പോലിസിന്റെ നോട്ടപ്പുള്ളികളായി മാറി. ഇടതുപക്ഷ ചായ്‌വുള്ള 21 അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലിസ് സര്‍വകലാശാലാ അധികൃതര്‍ക്കു കത്തയച്ചു. അധ്യാപകരുടെ പേരുകള്‍ കത്തിലുണ്ട്.
രണ്ടു ദിവസം മുമ്പ് കത്തു ലഭിച്ചതായി സര്‍വകലാശാലാ ഭരണവിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, അത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നാണ് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജെഎന്‍യു കാംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തെതുടര്‍ന്ന് സര്‍വകലാശാലയിലെ കശ്മീരി വിദ്യാര്‍ഥികളുടെ പട്ടിക ശേഖരിച്ചെന്ന റിപോര്‍ട്ടും പോലിസ് നിഷേധിച്ചിരുന്നു. അറസ്റ്റിലായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ അധ്യാപകരില്‍ ചിലര്‍ പോലിസിന്റെ പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. ദേശീയതയെക്കുറിച്ച് കാംപസില്‍ നടന്ന ക്ലാസുകളില്‍ ഈ അധ്യാപകര്‍ പങ്കെടുത്തിരുന്നു. പോലിസിന്റെ നടപടിക്കെതിരേ അധ്യാപകര്‍ ശക്തമായി പ്രതിഷേധിച്ചു. ചിന്താ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിതെന്ന് അവര്‍ പറഞ്ഞു.
ഇതിനിടെ, അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് ചില വിദ്യാര്‍ഥികള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ചാണ് നിയമോപദേശം തേടുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തുന്ന ശിക്ഷ മറ്റൊരു പ്രക്ഷോഭത്തിനു വഴിവയ്ക്കുമെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. അന്വേഷണ സമിതി ഈ മാസം 11നു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സര്‍വകലാശാല അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ശിക്ഷാനടപടി നിയമപരമായി സാധൂകരിക്കുന്നതാവണമെന്നാണ് അധികൃതര്‍ ആഗ്രഹിക്കുന്നത്. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സമിതി കണ്ടെത്തിയ 21 വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 14ന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, പുതിയ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ വിശദീകരണം നല്‍കാന്‍ തയ്യാറായിരുന്നില്ല. അതോടെ അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ മൂന്ന് അവസരങ്ങള്‍ നല്‍കി. ഇതിലും വിദ്യാര്‍ഥികള്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരേ ദൃക്‌സാക്ഷികളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, സമിതിയുടെ കണ്ടെത്തല്‍ തിരസ്‌കരിച്ച വിദ്യാര്‍ഥികള്‍ അവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ നിര്‍വചിക്കാത്ത സാഹചര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണു നല്‍കിയത്.
Next Story

RELATED STORIES

Share it