ജുവനൈല്‍ ജസ്റ്റിസ് ആക്ട്: രജിസ്‌ട്രേഷന്‍ ജൂണ്‍ 13 വരെ നീട്ടി

തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015ന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ 2016 മാര്‍ച്ച് 15ന് ഇറക്കിയ ഉത്തരവുപ്രകാരം മാര്‍ച്ച് 31ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ ജൂണ്‍ 13 വരെ നീട്ടി. മന്ത്രി എംകെ മുനീറിന്റെയും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥപ്രമുഖരുടെയും സമസ്ത കേരള ജംഇയുത്തുല്‍ ഉലമ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പശ്ചാത്തലത്തില്‍ കേരളീയസാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തും. ഇതിനു കരടുരൂപം നല്‍കുന്നതിന് ഒരു വിദഗ്ധസമിതിക്ക് രൂപം നല്‍കും. കേന്ദ്ര ആക്ടിലെ അപ്രായോഗികനിര്‍ദേശങ്ങള്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കേന്ദ്ര ആക്ടില്‍ സെക്്ഷന്‍ 2(14)ല്‍ പരാമര്‍ശിച്ച 12 വിഭാഗം വിദ്യാര്‍ഥികള്‍ താമസിച്ചുപഠിക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഈ ഗണത്തില്‍പ്പെടാത്ത സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സമിതിയുടെ റിപോര്‍ട്ടിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങളുടെ അപേക്ഷാഫോറം ഏകീകരിക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെയും സര്‍ക്കാര്‍ ഉത്തരവിന്റെയും മറവില്‍ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ ഇടപെടല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ, അഗതി മന്ദിരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആക്ടില്‍ പ്രായോഗിക ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it